കൊല്ലം: നാട്ടുകാരുടെ പ്രതിഷേധത്തിനിടെ കൊല്ലം കുണ്ടറ പീഡനക്കേസിലെ പ്രതിയായ മുത്തച്ഛനെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. രോക്ഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കുട്ടിയുടെത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

രാവിലെ 10 മണിയോടെയാണ് പ്രതിയായ മുത്തച്ഛനെ പെണ്‍കുട്ടി മരിച്ച വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. തുടര്‍ന്ന് ഇയാളുടെ സ്വന്തം വീട്ടില്‍ എത്തിച്ചും തെളിവെടുത്തു. ഇതിനിടെ പ്രതിഷേധവുമായെത്തിയ നാട്ടുകാരില്‍ ചിലര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് വാദം തള്ളി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.