ഇടുക്കി: വിദേശത്തുള്ള മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ജാമ്യമെടുത്തത് പകരക്കാരനെ കോടതിയില്‍ ഹാജരാക്കി. ആള്‍മാറാട്ടം കണ്ട്ത്തിയ തൊടുപുഴ ഫസ്റ്റ് ക്‌ളാസ് കോടതി ഇയാള്‍ക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യക്കാര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് പിടികൂടിയ ഒരു പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുട്ടം പോലീസ് സ്റ്റേഷനില്‍ എസ്എഫ്‌ഐകാര്‍ പ്രതിഷേധവുമായെത്തി.

 തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ 2016ല്‍ നടന്ന എസ്.എഫ്.ഐ എബിവിപി സംഘര്‍ഷവുമായ് ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കും ജാമ്യക്കാര്‍ക്കുമെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസിലെ നാലാം പ്രതി ഗള്‍ഫിലുളള കോഴിക്കോട് മൂസിന മന്‍സിലില്‍ മുനീഷിനു പകരം ആള്‍മാറാട്ടം നടന്നത് ജൂഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ കണ്ടെത്തുകയായിരുന്നു. 

ഈമാസം ഏഴിന് കോടതിയില്‍ ഹാജരായ് ജാമ്യമെടുത്ത അഭിജിത്, വിഷ്ണു, ആല്‍ബിന്‍ എന്നിവര്‍ക്കു പുറമേ പകരക്കാനായെത്തിയ നാലാമനെതിരെയും ജാമ്യക്കാരായ തങ്കമണി, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയുമാണ് കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. കോടതിയുത്തരവ് പ്രകാരം ആറുപേര്‍ക്കതിരെ ഗൂഡാലോചന, ആള്‍മാറാട്ടം, ചതി, വഞ്ചന തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്ത മുട്ടം പോലീസ് ഒന്നാം പ്രതി അഭിജിത്തിനെ അറസ്റ്റ് ചെയ്തു. 

പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ അഭിജിതിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റെഷനില്‍ എത്തി ബഹളം വച്ചു. കോടതി നിര്‍ദ്ദേശത്തിലുളള അറസ്റ്റായതിനാല്‍ വിടില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ഒടുവില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞത്. അറസ്റ്റ് ചെയ്ത അഭിജിതിനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്ട് ചെയ്തു. മറ്റു പ്രതികളെയും പിടികൂടാനുളള അന്വേഷണത്തിലാണ് മുട്ടം പോലീസ്.