ജിഷ കൊലപാതക കേസിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസ് കൊലയാളി ഉപയോഗിച്ചതെന്ന് കരുതുന്ന ചെരുപ്പ് പ്രദർശിപ്പിച്ച് തെളിവ് തേടുന്നത്. ജിഷയുടെ വീടിന് സമീപമാണ് അന്വേഷണസംഘം ഈ ചെരുപ്പ് പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ രേഖാചിത്രത്തോട് സാമ്യമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ നിന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പ്രതികളല്ലെന്നാണ് കിട്ടിയ സൂചന. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ അയൽവാസിയെയും പോലീസ് വിട്ടയയച്ചു.
ബലാത്സംഗ കേസുകളിൽ ശിക്ഷകഴിഞ്ഞിറങ്ങിയ സമീപ ജില്ലകളിലെ കുറ്റവാളികളെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. അതിനിടെ ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ വിരലടയാള പരിശോധന പുരോഗമിക്കുകയാണ്. ഇതിനകം 500 ഓളം പേരുടെ വിരലടയാളം ശേഖരിച്ചു. അന്വേഷണസംഘം കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി വീണ്ടും തെളിവുകൾ ശേഖരിച്ചു. സമീപത്തെ കനാലുകളിലെയും പറന്പിലെ മണ്ണും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
