ദമ്പതികളുടെ ആത്മഹത്യ പൊലീസ് അന്വേഷണം തുടങ്ങി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി മൊഴികളെടുത്ത ശേഷം നടപടി മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകളില്ല
കോട്ടയം: പൊലീസ് ചോദ്യം ചെയ്യലിന് പിന്നാലെ ചങ്ങനാശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ചെയ്ത വീട്ടിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മൊഴിയെടുക്കൽ പൂര്‍ത്തിയായ ശേഷം എസ്ഐക്കെതിരെ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയിൽ ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്ത ചങ്ങനാശേരി സ്വദേശികളായ സുനിൽ കുമാറും രേഷ്മയും ബുധനാഴ്ച്ചയാണ് വിഷം കഴിച്ച് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലും മനംനൊന്താണ് ജീവനൊടുക്കിയതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. പരാതിക്കാരനായ ചങ്ങനാശേരി സിപിഎം നഗരസഭ കൗൺസിലറായ സജികുമാറിൽ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പുലുണ്ടായിരുന്നു.
ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കോട്ടയം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശൻ പി പടന്നയിൽ വാകത്താനത്തെ വാടക വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്-വിരലടയാള വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും സയനൈഡും കണ്ടെത്തി.
ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. ചങ്ങനാശേരി എസ്ഐ ആയിരുന്ന ഷമീര്‍ ഖാനിൽ നിന്നും പൊലീസ് സര്‍ജനിൽ നിന്നും മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ ദമ്പതികൾക്ക് പൊലീസിൽ നിന്ന് ക്രൂര മര്‍ദ്ദനമേറ്റെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. പെരുന്ന ബസ് സ്റ്റാന്‍റിൽ പൊതുദര്‍ശനത്തിന് വച്ച ദമ്പതികളുടെ മൃതദേഹം ചങ്ങനാശേരി ഫാത്തിമപുരത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
