Asianet News MalayalamAsianet News Malayalam

നിലയ്ക്കലില്‍ ലാത്തിച്ചാര്‍ജ്; പൊലീസിനു നേരെ കല്ലേറ്; ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനം എറിഞ്ഞുതകര്‍ത്തു

നിലയ്ക്കലില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. പ്രതിഷേധകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പൊലീസ് ലാത്തിവീശി.

police lathicharge in nilakkal sabarimala
Author
Pathanamthitta, First Published Oct 17, 2018, 3:53 PM IST

നിലയ്ക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പൊലീസ് ലാത്തിവീശി. പ്രതിഷേധകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി സാഹചര്യത്തില്‍ പൊലീസ് ലാത്തിവീശിയത്. ശബരിമലയി നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് നടപടി. മാധ്യമങ്ങളുടെ ക്യാമറകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറ അടിച്ചു തകര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനം എറിഞ്ഞുതകര്‍ത്തു

പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം പടരുകയാണ്. തുടര്‍ന്ന് ഇവിടേയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.  ലാത്തിച്ചാർജിനെ തുടർന്ന് സമരക്കാര്‍ ചിതറിയോടിയെങ്കിലും വീണ്ടും തിരിച്ചെത്തി പൊലീസിനെ നേരിടുന്നുണ്ട്.

രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പൊലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. 

പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. വനിതാ പൊലീസിനെ ഒളിച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് സംശയത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ് പ്രതിഷേധകര്‍. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവർക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടർന്നാണ് സമരം അക്രമാസക്തമായത്. 
 

Follow Us:
Download App:
  • android
  • ios