തിരുവനന്തപുരം: തൃശൂർ നിഷാം കേസിൽ ആരോപണ വിധേയനായ എസ്പിക്ക് വീണ്ടും ക്രമസമാധാന ചുമതല നൽകി. പത്തനം തിട്ട എസ്പിയായാണ് ജേക്കബ് ജോബിന് നിയമനം നൽകിയത്. കൊല്ലം കമ്മീഷണറെയും സർക്കാർ മാറ്റി.
കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി വ്യവസായിയായ നിഷാമിനെ സഹായിക്കാൻ ശ്രമിച്ചുവെന്നായിരുന്നു തൃശൂർ പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെതിരെ ഉയർന്ന ആരോപണം. ആരോപണത്തെ തുടർന്ന് ജേക്കബ് ജോബിനെ പത്തംതിട്ടയിലേക്ക് സ്ഥലം മാറ്റി. തൃശൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട എസ്പിയായിരിക്കെ ജേക്കബ് ജോബിനെ സസ്പെൻറ് ചെയ്തു.
സസ്പെൻഷന് പിന്നാലെ അന്നത്തെ പൊലീസ് ആസ്ഥാന ഡിജിപിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ചോർന്നിരുന്നു, അന്നത്തെ ഡിജിപി ബാലസുബ്രമണ്യത്തെ സംശയത്തിൻറെ നിഴലാക്കുന്ന സംഭാഷണത്തിന് പിന്നിൽ ജേക്കബ് ജോബാണെന്ന് ഇൻറലിൻസ് എഡിജിപിയും കണ്ടെത്തിയിരുന്നു. ഇതേ കുറിച്ചുള്ള വകുപ്പ്തല അന്വേഷണ റിപ്പോട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമനം എടുക്കുന്നതിന് മുമ്പാണ് ജേക്കബ് ജോബിന് പത്തനംതിട്ടയിൽ വീണ്ടും നിയമനം നൽകിയിരിക്കുന്നത്.
വിരമിക്കാൻ രണ്ടുമാസം ബാക്കി നിൽക്കേയുള്ള നിയമനത്തിന് പിന്നിൽ വൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് സൂചന. മകരളവിളക്ക് തീർത്ഥാടനത്തിനിടെയാണ് സതീഷ് ബിനോയെയ മാറ്റി ജേക്കബ് ജോബിന് നിയമന നൽകിയത്. കൊല്ലം കമ്മീഷണറായ അജീതാ ബീഗത്തിന് പകരം ഡോ.ശ്രീനിവാസിനെ നിയമിച്ചു. സതീഷ് ബിനോയ്ക്കും അജീതാ ബീഗത്തിനും കേന്ദ്ര ഡെപ്യൂട്ടഷന് അനുമതി ലഭിച്ചിട്ടുണ്ട്.
