തൃശൂർ: എരുമപ്പെട്ടിയിൽ പീഡനത്തിനിരയായ പെൺകുട്ടിയെയും അമ്മയെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ടിഡി ജോസിനെയാണ് സസ്പെന്‍റ് ചെയ്തത്. മകളെ അയൽക്കാർ പീഡിപ്പിച്ചതിൽ പരാതി പറയാനെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയോടും മകളോടും മോശമായി പെരുമാറിയത്.
തൃശൂർ എരുമപ്പെട്ടിയിൽ ബുദ്ധിവളർച്ചയെത്താത്ത പന്ത്രണ്ട് വയസുകാരിയെ അയൽക്കാരായ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. അഡീഷണൽ എസ്ഐ ടിഡി ജോസ് അപമാനിച്ചെന്നാരോപിച്ച് വീട്ടമ്മ കുന്ദംകുളം സി ഐ, ഡിവൈഎസ്‍പി എന്നിവർക്ക് പരാതി നൽകിയിരുന്നു. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എ ഡി ജി പി എസ്പിക്ക് നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടി ഡി ജോസിനെ സസ്പെന്‍റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽക്കാരായ അച്ഛനെയും മകനെയും പോസ്കോ കോടതി റിമാന്‍റ് ചെയ്തു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും വീട്ടമ്മ പറയുന്നു. കേസ് നൽകിയതിൽ പ്രകോപിതരായി പ്രതികളോടൊപ്പം വീട്ടമ്മയെയും മകളെയും ഉപദ്രവിച്ച മുപ്പതോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
