തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്തു പുതിയ പൊലീസ് നയം മുഖ്യമന്ത്രി പ്രഖ്യാപിക്കും. നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുമാണു പൊലീസുദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ നയം കേള്‍ക്കുക.

പൊലീസ് ആസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗത്തില്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരാണു സാധാരണ പങ്കെടുക്കാറള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ രീതിയും മാറ്റുകയാണ്. ക്രമസമാധാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്‍ലിജന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരെയും ചൊവ്വാഴ്ച ഒരുമിച്ച് അതിസംബോധന ചെയ്യും.

തിരുവനന്തപുരം ജില്ലയിലുള്ള എസ്‌പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ മാത്രം പൊലീസ് ആസ്ഥാനത്തെത്തും. മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കും. ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിക്കാണു യോഗം. പൊലീസ് അഴിതി തുടച്ചുനീക്കുകയാണ് പ്രഥമ പരിഗണയെന്നാണ് പുതിയ സര്‍ക്കാരിന്റെ ആഭ്യന്തരനയം. സ്ഥലമാറ്റത്തിലും അന്വേഷണത്തിലും ഒരു ബാഹ്യഇടപെടലും അനുവദിക്കില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. പരാതി ലഭിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണം. അഴിമതിയും മോശം പ്രതിച്ഛായുമുള്ള ഉദ്യോഗസ്ഥര്‍ സേനയില്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രിയുടെ നയപ്രസംഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

സെക്രട്ടറിയേറ്റ് ജീവനക്കാരെ മുഴവന്‍ സെന്‍ട്രല്‍ സ്റ്റേഡയത്തില്‍ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രി ഭരണനയം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു പൊലീസ് സേനയെ നയിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒരുമിച്ച് വിളിച്ചു ചേര്‍ക്കുന്നത്.