പുതുവത്സരാഘോഷ സുരക്ഷാ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

തിരുവനന്തപുരം: പുതുവത്സരാഘോഷ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നല്‍കും. നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങള്‍ക്ക് ഭംഗം വരാത്ത വിധത്തില്‍ പൊലീസിനെ വിന്യസിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഘോഷ സ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ആഘോഷങ്ങള്‍ തടസ്സം കൂടാതെ നടക്കുന്നതിനും സമാധാനപൂര്‍ണമാക്കുന്നതിനുമുള്ള പോലീസിന്റെ നടപടികളോട് സഹകരിക്കണമെന്നും സമാധാനഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും പൊതുജനങ്ങളോടും സംഘാടകരോടും പൊലീസ് അഭ്യര്‍ത്ഥിച്ചു. 

മദ്യപിച്ച് വാഹനമോടിക്കുന്നതുള്‍പ്പെടെ എല്ലാ നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും ക്രമംവിട്ടുള്ള നടപടികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ആഘോഷങ്ങളും പാര്‍ട്ടികളും സംഘടിപ്പിക്കുന്നവരും ഹോട്ടല്‍ അധികൃതരും കഴിയുന്നതുംവേഗം പോലീസിനെ അറിയിക്കണം.