തിരുവനന്തപുരം: പൊലീസ് ഫോട്ടോഗ്രാഫറുടെ ജാഗ്രതമൂലം കുടുങ്ങിയത് നിരവധി മോഷണക്കേസുകളിലെ പ്രതി. തിരുവനന്തപുരത്താണ് കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് ഫോട്ടോഗ്രാഫര്‍ ബിനുവിന്റെ ക്യാമറക്കണ്ണ് കുടുക്കിയത്. 

തിരുവനന്തപുരം പേട്ടയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ട്രെയിന്‍ തട്ടി മരിച്ചയാളുടെ പടമെടുക്കാന്‍ ചെന്നതായിരുന്നു പൊലീസ് ഫോട്ടോഗ്രാഫറായ ബിനു. ഫോട്ടെയെടുക്കുന്നതിനിടെ സമീപത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നയാളുടെ ദൃശ്യങ്ങളും ബിനു പകര്‍ത്തി. 

ഇനിയാണ് ട്വിസ്റ്റ് മെഡിക്കല്‍ കോളേജിന് സമീപമുളള പ്രവാസിയുടെ വീട്ടില്‍ മോഷണം നടക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിന്റെ ഏകദേശരൂപം പൊലീസിന് കിട്ടി. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരുള്‍പ്പടെ പരിശോധനയ്‌ക്കെത്തുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ മോഷ്ടാവ് പേട്ടയില്‍ കണ്ടയാളെന്ന് ബിനു സ്ഥിരീകരിച്ചു. 

തുടര്‍ന്ന് ഷാഡോ പൊലീസിന്, തന്റെ കൈവശമുളള ഫോട്ടോ നല്‍കി. മണിക്കൂറുകള്‍ക്കകം മോഷ്ടാവ് മനോജ് പൊലീസ് വലയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മനോജ്, അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പേട്ടയിലെ തീവണ്ടി അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മനോജിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.