തിരുവനന്തപുരം: സമ്മർദ്ദം ചെലുത്തി ഡിവൈഎസ്പി ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രമാണ് ഹരികുമാറിന്റെ ആത്മഹത്യയോടെ പാളിയത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും  തിരച്ചില്‍ നടക്കെ ഹരികുമാർ സ്വന്തം വീട്ടിൽ മടങ്ങിയെത്തുമെന്ന് അന്വേഷണ സംഘം കരുതിയതുമില്ല.

സംഭവം നടന്ന ആഞ്ചാം തീയതി രാത്രി തന്നെ കേരളത്തിൽ നിന്ന് കടന്ന ഡിവൈഎസ്പി ഹരികുമാനൊപ്പം ഓടിയെത്താൻ പൊലീസ് ശരിക്കും ബുദ്ധിമുട്ടിയിരുന്നു. തൃപ്പരപ്പിലെത്തിയതും സിംകാർഡ് സംഘടിപ്പിച്ചതുമൊക്കെ പൊലീസ് അറിയുമ്പോഴേയ്ക്കും ഹരികുമാർ മറ്റ് ഒളിത്താവളങ്ങളലേക്ക് നീങ്ങിയിരുന്നു. തിരച്ചിലിനൊപ്പം കീഴടങ്ങാനുള്ള സമ്മർദ്ദം ശക്തമാക്കുന്നതിലേക്ക് പൊലീസ് ഇതോടെ നീങ്ങി. കൂടെ ഒളിവിൽ പോയ ബിനുവിന്‍റെ മകനെ അറസ്റ്റ് ചെയ്തു. 

ഹരികുമാറിന്‍റെ സഹോദരനെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങി. പ്രതിയെ രക്ഷപെടാൻ സഹായിച്ചതിന് അടുപ്പമുള്ളവരെ പൊലീസ് ജയിലിടക്കുമെന്ന് അറിഞ്ഞാൽ ഹരികുമാർ കീഴടങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇന്നലെ ഉച്ചയോടെ കീഴടങ്ങാമെന്ന സന്ദേശം ഹരികുമാറിൽ നിന്ന് വരുകയും ചെയ്തു. തന്ത്രം വിജയിച്ചെന്ന് പൊലീസ് കരുതി. കർണ്ണാടക അതിർത്തിയിലുണ്ടായിരുന്ന ഹരികുമാർ തിരുവനന്തപുരത്തേക്ക് നീങ്ങിയതായും പൊലീസിന് വിവരം കിട്ടി. 

എന്നാൽ വൈകുന്നേരമായതോടെ ഹരികുമാർ വീണ്ടും മുങ്ങുകയായിരുന്നു. കീഴടങ്ങാമെന്ന് അറിയിച്ചത് ജാമ്യ ഹർജി പരിഗണിക്കും വരെയുള്ള തന്ത്രമായരിന്നു എന്ന അനുമാനത്തിൽ ഇതോടെ പൊലീസ് എത്തുകയായിരുന്നു. അതിനിടെയാണ് കല്ലമ്പലത്തെ വീട്ടിൽ  എത്തിയ ഹരികുമാറിനെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്.