ദില്ലി: പുതുവല്‍സരാഘോഷത്തിനെത്തിച്ച വന്‍തുകയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത ശേഷം പൊലീസ് പുറത്തിയ പത്രക്കുറിപ്പ് ഏറ്റെടുത്ത് ട്രോളന്മാര്‍.  അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന സംഘത്തെ പിടികൂടിയ ശേഷമായിരുന്നു ദില്ലി പൊലീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ പേരും ഉപയോഗവും അടക്കം സമഗ്ര വിവരങ്ങള്‍ അടങ്ങിയതായിരുന്നു പത്രക്കുറിപ്പ്.

പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ നിലവാരം, വില, ഉപയോഗം കൊണ്ട് ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തെല്ലാം എന്നൊക്കെ വളരെ വിശാലമായി വിശദമാക്കുന്നതാണ് പത്രക്കുറിപ്പ്. ഉപയോഗ ശേഷം ചിരിപ്പിക്കുന്നവ, സമാധാനം നല്‍കുന്നവ, സ്വന്തം തമാശകള്‍ക്ക് പൊട്ടിച്ചിരിപ്പിക്കുക, സൗഹൃദത്തിലാവുക തുടങ്ങി ലഹരി മരുന്ന് ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വരെ അക്കമിട്ട് നിരത്തുന്നതാണ് പത്രക്കുറിപ്പ്. 

ഒരു ഗ്രാം ലഹരി വസ്തുവിന് 2000 രൂപ വില വരുന്നവ മുതല്‍ 500 ഗ്രാമിന് 50000 രൂപ വിലമതിക്കുന്നവ വരെ ദില്ലി പൊലീസ് പിടികൂടിയിരുന്നു. പുതുവല്‍സരാഘോഷം കണക്കിലെടുത്ത് ഓണ്‍ലൈനിലൂടെയാണ് ലഹരിമരുന്ന് ദില്ലിയിലെത്തിച്ചത്. വന്‍തുക വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ദില്ലി സ്വദേശികളായ യുവാക്കളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഡാര്‍ക്ക് വൈബ് എന്ന സൈറ്റ് മുഖേനയാണ് ഇയാള്‍ ലഹരിമരുന്ന് വാങ്ങിച്ചിരുന്നത്. 

ലഹരി മരുന്നുകളെക്കുറിച്ച് ആവശ്യത്തിലധികം വസ്തുതകള്‍ പങ്കുവക്കുന്ന പത്രക്കുറിപ്പ് ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലെ ട്രോളന്മാര്‍ ഏറ്റെടുത്തത്. ലഹരി മരുന്നുകളുടെ പേരുകളും അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയുമെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ട്രോളുകളായത്.