കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രതിയായ സുനിൽകുമാര്‍ ജയിലില്‍ നിന്ന് ഫോൺ ഉപയോഗിച്ചതിനെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ ജയിൽ സൂപ്രണ്ടാണ് അന്വേഷിക്കുന്നത്. ജയിലിനുള്ളിൽ സുനിൽ കുമാർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചാണ് ദിലീപിന്റെ മാനേജരോടും നാദിര്‍ഷായോടും ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കിയതെന്നാണ് വിലയിരുത്തല്‍.

ജയിലിലെത്തിച്ച ഫോൺ ദിവസങ്ങൾക്കകം പുറത്തെത്തിച്ചെന്നും കണ്ടെത്തി. സുനിൽകുമാർ ഫോൺ വിളിച്ചപ്പോൾ സഹതടവുകാർ സെല്ലിന് പുറത്ത് കാവൽ നിന്നതും അന്വേഷിക്കുന്നുണ്ട്. സുനില്‍ കുമാറിന് മൊബൈല്‍ ഫോണ്‍ ജയിലിലെത്തി കൈമാറിയത് കേസില്‍ ഇന്നലെ അറസ്റ്റിലായ വിഷ്ണുവാണെന്നും ഷൂ വാങ്ങി അടിഭാഗം മുറിച്ച് ഫോണ്‍ അതിലൊളിപ്പിച്ചാണ് സുനില്‍കുമാറിനു ഫോണ്‍ നല്‍കിയതെന്നും വിഷ്ണു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സുനില്‍ കുമാറിന്റേതെന്ന പേരില്‍ ദിലീപിനു ലഭിച്ച കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.