സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതിൽ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

കാസര്‍ഗോഡ്: എസ് ഹരീഷിന്‍റെ വിവാദ നോവല്‍ മീശ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഡിസിബുക്സിന് പൊലീസ് കാവല്‍. കാഞ്ഞങ്ങാട് ഡിസി ബുക്സ് ഓഫീസിനാണ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

എസ്.ഹരീഷിൻറെ മീശ നോവൽ കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധിച്ചിരുന്നു. ഡിസി ബുക്സിൻറെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവർത്തർ ചേർന്ന് പുസ്തകം കത്തിച്ചത്. സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതിൽ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

അതേസമയം, എസ്. ഹരീഷിന്റെ മീശ നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് അടിയന്തിരമായി കേൾക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. രാധാകൃഷ്ണന്‍ എന്നയാളാണ് നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌ കോടതിയെ സമീപിച്ചത്. പുസ്തകം മുഴുവനായും നിരോധിക‌കണമെന്നാണോ ഹർജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു.

സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ഇന്നലെയാണ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് ഹരീഷ് പറഞ്ഞിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരിക്കെയാണ് ഭീഷണികളെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചത്.