നടിയെ തട്ടിക്കൊണ്ട് പോകാന്‍ തനിക്ക് ആരും ക്വട്ടേഷന്‍ തന്നിട്ടില്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നുമാണ് സുനി പറയുന്നത്. സംഘാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ക്വട്ടേഷനാണെന്ന് താന്‍ പറഞ്ഞതെന്നും സുനി മൊഴി നല്‍കി.അതേ സമയം ഒരു സ്‌ത്രീയുടെ ക്വട്ടേഷന്‍ ഉണ്ടെന്ന മണികണ്ഠന്റെ മൊഴി ചൂണ്ടിക്കാട്ടിയപ്പോള്‍ കൃത്യമായ ഉത്തരം സുനി നല്‍കിയില്ല. നടിയുടെ ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചു എന്നും സുനി പറഞ്ഞിരുന്നു. രണ്ട് ഡി.വൈ.എസ്‌.പിമാരുടെ നേതൃത്യത്തിന്‍ സുനിയേയും വിജേഷിനേയും രണ്ടായാണ് ചോദ്യം ചെയ്യന്നന്ന്. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായും പോലീസ് പറയുന്നു. 

അന്വേഷണം ശരിയായ ദിശയിലാണെന്ന് എ.ഡി.ജി.പി പറഞ്ഞു. കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഐ.ജിയും വ്യക്തമാക്കി. ഇന്നലെ വെളുപ്പിനെ രണ്ട് മണിയോടെ ആലുവ പോലീസ് ക്ലബില്‍ നിന്ന് തെളിവെടുപ്പിനായി പ്രതികളെ നഗരത്തിലെത്തിച്ചിരുന്നു. നടിയുമായി ഇവര്‍ കാറില്‍ സഞ്ചരിച്ച പാലാരിവട്ടം കാക്കനാട് വെണ്ണല എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഫോണ്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞ സ്ഥലവും സുനി കാണിച്ചു കൊടുത്തു.