തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ്​ കേസെടുത്തു. അന്യായമായി തടഞ്ഞുവെക്കൽ, മർദനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഉദയംപേരൂർ പൊലീസാണ് കേന്ദ്രം നടത്തിപ്പുകാരായ 10 പേർക്കെതിരെ കേസെടുത്തത്​. ഇതിനിടെ, ആയുർവേദ ഡോക്​ടറായ ശ്വേത ഹരിദാസിന്റെ രഹസ്യമൊഴി കാക്കനാട് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന വന്ദന എന്ന 27കാരിയാണ് യോഗാകേന്ദ്രം ഡയറക്ടര്‍ മനോജ് എന്ന ഗുരുജി, കോര്‍ഡിനേറ്റര്‍ ശ്രുതി, കൗണ്‍സിലര്‍മാരായ സ്മിത, സുജിത്ത്, ലക്ഷ്മി, മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ക്രിസ്ത്യന്‍ യുവാവുവുമായി പ്രണയത്തിലായതിന്റെ പേരില്‍ പിതാവ് തന്നെ യോഗാ കേന്ദ്രത്തില്‍ എത്തിച്ചതെന്നും ബലം പ്രയോഗിച്ച് പൂട്ടിയിടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്നുമായിരുന്നു വന്ദനയുടെ പരാതി. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ മേയ് ഒന്നു വരെയാണ് നന്ദനയെ യോഗാകേന്ദ്രത്തിൽ നിയമവിരുദ്ധമായി തടങ്കലില്‍ പാർപ്പിച്ചത്.

കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്ന ശേഷം ബാംഗളുരുവിലെ കോടതിയില്‍ വിവാഹം റദ്ദാക്കാന്‍ ഹരജി നല്‍കിയതായും വന്ദന പരാതിയില്‍ പറയുന്നു. ഇതെ തുടർന്നാണ് പോലിസ് കേസെടുത്തത്. വന്ദനയോട് തെളിവെടുപ്പിനായി കേരളത്തിലെത്താനും പോലിസ് നിർദേശം നൽകി. യോഗാകേന്ദ്രത്തിനെതിരെ തൃശൂര്‍ സ്വദേശി ശ്വേതാ ഹരിദാസ് നൽകിയ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തി.