Asianet News MalayalamAsianet News Malayalam

ദില്ലി സർക്കാരും കേന്ദ്രവും കൊമ്പുകോർക്കുന്നു; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി മാർച്ച്

Police Release Manish Sisodia, 52 AAP Legislators Detained This Morning
Author
New Delhi, First Published Jun 26, 2016, 12:14 PM IST

ദില്ലി: ദില്ലി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു.പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മറ്റ് എംഎൽഎമാരെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. എഎപി എംഎൽഎമാരെ കള്ളക്കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നു എന്നാരോപിച്ച് പ്രതിഷേധ സൂചകമായി മനീഷ് സിസോദിയയും മറ്റ് എംഎൽഎമാരും നേരിട്ട് പ്രധാനമന്ത്രിക്ക് മുന്നിൽ കീഴടങ്ങാനെത്തുന്നു എന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനത്തിനിടെ പ്രകോപനപരമായി എഎപി എംഎൽഎയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എംഎൽഎമാരെ ഒന്നടങ്കം അറസ്റ്റ് ചെയ്യു എന്ന് വെല്ലുവിളിച്ച് മനീഷ് സിസോദയയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി എംഎൽഎമാർ മാർച്ച് നടത്തിയത്.

ദില്ലി സർക്കാർ കൊണ്ടു വരുന്ന ബില്ലുകളെ  കേന്ദ്രം എതിർക്കുന്നതിന് പിന്നാലെ എംഎൽഎമാർക്കെതിരെ കേന്ദ്ര സർക്കാരിന് കീഴിലുള്ള ദില്ലി പോലീസ് തിരിഞ്ഞതാണ് എഎപിയെ പ്രകോപിപ്പിച്ചത്.ഞങ്ങളുടെ എംഎൽഎമാരെ അറസ്റ്റ് ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു,എങ്കിൽ ഞങ്ങൾ വെല്ലുവിളിക്കുന്നു എല്ലാവരെയും ഒന്നിച്ച് അറസ്റ്റ് ചെയ്യു. ദില്ലി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എന്തിനാണ് തടസ്സം നിൽക്കുന്നത്.ദില്ലിക്കാരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്.കേന്ദ്ര സർക്കാരിന് അൽപമെങ്കിലും നാണം വേണം-ദില്ലി ഉപമുഖ്യമന്ത്രി സിസോദിയ പറഞ്ഞു.

എഎപി മാർച്ചിന് മുൻപായി തന്നെ പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിരുന്നു.എഎപി എംഎൽഎമാർ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ തന്നെ  എംഎൽഎമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മനീഷ് സിസോദിയയെയും എംഎൽഎമാരെയും പിന്നീട് വിട്ടയച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത് എഎപി എംഎൽഎയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും.

മനീഷ് സിസോദിയ ഗാസിപൂരിലെ പച്ചക്കറി വിപണിയിൽ നടത്തിയ മിന്നൽ സന്ദർശനത്തിൽ ചില വ്യാപാരികളെ ചോദ്യം ചെയ്തിരുന്നു.ഇതിൽ സിസോദിയക്കെതിരെ വ്യാപാരികൾ ദില്ലി പോലീസിൽ പരാതി നൽകുകയും ചെയ്തു.എഎപി എംഎൽഎമാർക്കും മന്ത്രിമാർക്കും എതിരെയുള്ള പരാതിക്കാരെ ദില്ലി പോലീസ് സ്പോണ്‍സർ ചെയ്യുകയാണെന്നും പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിക്ക് മുന്നിൽ നേരിട്ടെത്തി കീഴടങ്ങുമെന്നും രാവിലെ തന്നെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios