കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും വിളിച്ചത്. 

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും വിളിച്ചത്. രവി പൂജാരയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത പത്തു പേരെ കഴിഞ്ഞ ദിവസം കേരളാ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ രവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. 

മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രവി പൂജാര കര്‍ണ്ണാടകയിലെ ബിസിനസ്, ബില്‍ഡര്‍ മേഖലയിലെ സമ്പന്നരെ വിളിച്ച് നേരത്തെ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നു. എല്ലാ ഫോണ്‍ വിളികളും പണം ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു. നേരത്തെ 25 ലക്ഷം ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ നവംബറില്‍ തന്നെ വിളിച്ചിരുന്നതായി ലീന പൊലീസിനോട് പറഞ്ഞിരുന്നു. 

എന്നാല്‍ ഇത്രയും വലിയ തുക രവി പൂജാര, ലീനയില്‍ നിന്ന് ആവശ്യപ്പെട്ടതാണ് പൊലീസിനെ കുഴക്കുന്നത്. വീണ്ടും ലീനയെ ഇതുസംബന്ധിച്ച് ചോദ്യം ചെയ്യേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ രവിയുടെ 40 അനുയായികളുടെ ലിസ്റ്റ് കേരളാ പൊലീസ് ശേഖരിച്ചു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.