പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച കൊല്ലപ്പെട്ട യുവാവിന്‍റെ സഹോദരി ഭർത്താവ് ഉൾപ്പെട്ട നാലുപേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

തിരുവനന്തപുരം: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന പോലീസ് വാദം തള്ളി നാട്ടുകാര്‍. പ്രതികളെന്നാരോപിച്ച് നാട്ടുകാര്‍ രണ്ട് പേരെ ഇന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം. ഈ മാസം നാലിനാണ് വിഴിഞ്ഞം അടിമലതുറ പുറം പോക്കുപുരയിടത്തിൽ വിനിത ഹൗസിൽ പരേതനായ വിൻസന്‍റിന്‍റെയും നിർമ്മലയുടെയും മകൻ വിനു (25)നെ വീടിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹ പരിശോധന നടത്തിയ വിഴിഞ്ഞം സി.ഐയും സംഘവും മരണം ഹൃദയാഘാതം മൂലമെന്ന് പറഞ്ഞ് കേസ് തള്ളിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. 

പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച കൊല്ലപ്പെട്ട യുവാവിന്‍റെ സഹോദരി ഭർത്താവ് ഉൾപ്പെട്ട നാലുപേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കൊല്ലപ്പെട്ട യുവാവിന്‍റെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ ഉള്ളതായും വിവരമുണ്ട്. വീട്ടുകാരുടെ അറിവോടെയാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികൾ നാട്ടുകാരോട് പറഞ്ഞത്. സംഭവത്തിൽ വിനുവിന്‍റെ സഹോദരി ഭർത്താവ് ജോയ്, ഇയാളുടെ ബന്ധുക്കളായ ജിജിൻ, ഫ്‌ളസി ഇവരുടെ സുഹൃത്ത് സജീർ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനുവിന്‍റെ അമ്മ നിർമല സഹോദരി വിനീത എന്നാവരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഹൃദയാഘാദം വന്ന് വിനു കൊല്ലപ്പെട്ടുയെന്നായിരുന്നു വിഴിഞ്ഞം പൊലീസിന്റെ നിഗമനം. ഇതോടെ ഉഴപ്പിയ പൊലീസ് പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല എന്ന് നാട്ടുകാർ പറയുന്നു. സംഭവം നടന്ന സമയം മുതൽക്കേ നാട്ടുകാർ മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ഇത് പൊലീസിനെ അറിയിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊല്ലപ്പെട്ട വിനുവിന്‍റെ സഹോദരി ഭർത്താവ് ജോയെ പൊലീസ് അന്ന് ചോദ്യം ചെയ്തിരുന്നുയെങ്കിലും വിട്ടയക്കുകയായിരുന്നു.

എന്നാൽ പ്രതികളിൽ ചിലർ മദ്യ ലഹരിയിൽ തങ്ങൾ ആണ് വിനുവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ, ഇന്ന് പുലർച്ചെ 3 മണിയോടെ കടലില്‍ പണിക്ക് പോകാനെത്തിയ ജോയി, ജിജിൻ എന്നിവരെ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലസി, സജീർ എന്നിവരെ പൊലീസ് പിടികൂടിയത്. മനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന വിനുവിനെ വീട്ടുകാരുടെ അറിവോടെയാണ് കൊലപ്പെടുത്തിയത് എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട വിനുവിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആരുടെയും അറസ്റ്റ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

തലയിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിലാണ് വിനുവിന്റെ മൃതദേഹം വീടിന്നുളിൽ കാണപ്പെട്ടത്. രണ്ടാം തിയതി ശനിയാഴ്ച രാത്രി 11.30 ഓടെ വീട്ടിൽ നിന്നും ബഹളവും നിലവിളിയും കേട്ടിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള നിലവിളികൾ പതിവായത് കൊണ്ട് നാട്ടുകാർ ഇത് കാര്യമായെടുത്തില്ല. ഞായറാഴ്ചയും വിനുവിനെ പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിങ്കളാഴ്ച വൈകിട്ട് കതക് തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടക്കാലത്ത് മാനസിക വിഭ്രാന്തി കാട്ടിയ മകനുമായി പിണങ്ങിയ മാതാവ് നിർമ്മല അടുത്ത കാലത്തായി മകൾ വിനിതയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിനുശേഷം വിനു തനിച്ചായിരുന്നു കുടുംബ വീട്ടിൽ കഴിഞ്ഞിരുന്നത്. ഫോർട്ട് അസി. കമ്മീഷണർ ദിനിലിന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസും ഫോറൻസിക് വിദഗ്ദരും, വിരലടയാള വിദഗ്ദരും വീടും പരിസരവും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. 

ഹൃദയാഘാതമാകാം മരണകാരണമെന്ന് പറഞ്ഞ് പൊലീസ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് നാട്ടുകാർ ആദ്യം മുതലേ ആരോപിച്ചിരുന്നു. വിദേശത്തായിരുന്ന വിനു ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. അതിന് ശേഷം മാനസിക വിഭ്രാന്തിയിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വിനുവിന് നാട്ടുകാരും ബന്ധുക്കളും വല്ലപ്പോഴും മാത്രമാണ് ഭക്ഷണം എത്തിച്ചിരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം മുമ്പ് വിനുവിന്‍റെ പിതാവ്
വിൻസെന്‍റ് ആത്മഹത്യ ചെയ്‌തിരുന്നു. അന്നും ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും അന്വേഷണംമൊന്നും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ വിനുവിന്‍റെ കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.