തെറ്റായ മൊഴി കോടതിക്ക് നൽകിയതും വ്യാജ തെളിവ് ഹാജരാക്കിയതും ആയിരിക്കും ശുചീകരണ തൊഴിലാളിക്ക് മേൽ ചുമത്തുന്ന പ്രധാന വകുപ്പുകൾ.

ബെം​ഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റ് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെറ്റായ മൊഴി കോടതിക്ക് നൽകിയതും വ്യാജ തെളിവ് ഹാജരാക്കിയതും ആയിരിക്കും ശുചീകരണ തൊഴിലാളിക്ക് മേൽ ചുമത്തുന്ന പ്രധാന വകുപ്പുകൾ. ധർമ്മസ്ഥലയിൽ താൻ കുഴിച്ചുമൂടിയ എല്ലാ മൃതദേഹവും പോലീസിനെ അറിയിക്കാതെയായിരുന്നു എന്നതായിരുന്നു കോടതിയിൽ മുൻ ശുചീകരണ തൊഴിലാളി നൽകിയ ആദ്യത്തെ പ്രധാന മൊഴി. എന്നാൽ ഇന്നലെ എസ് ഐ ടി തലവൻ പ്രണബ് മൊഹന്തിക്ക് നൽകിയ മൊഴിയിൽ ഇത് ശുചീകരണ തൊഴിലാളി തിരുത്തിയിരുന്നു. മിക്ക മൃതദേഹങ്ങളും പോലീസിനെ അറിയിച്ചാണ് മറവ് ചെയ്തത് എന്നും ചില മൃതദേഹങ്ങൾ പോലീസിനെ അറിയിക്കാതെയും മറവ് ചെയ്തിട്ടുണ്ടെന്നും മൊഴി മാറ്റിപ്പറഞ്ഞു.

ഇതിനാൽ വ്യാജ മൊഴി നൽകി എന്ന വകുപ്പ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രഹസ്യമൊഴിയിലും അന്വേഷണ സംഘത്തിന് മുമ്പാകെയും ഇത് ശുചീകരണ തൊഴിലാളി ആവർത്തിച്ചിരുന്നു. കൂടാതെ ഹാജരാക്കിയത് വ്യാജ തെളിവാണെന്ന വിവരവും പൊലീസ് പങ്കുവെച്ചു. ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തു. എന്ന് അവകാശപ്പെട്ട് ശുചീകരണ തൊഴിലാളി കോടതിയിൽ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്നും ഇത് ധർമ്മസ്ഥലയിലേത് അല്ല എന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഒരു ലാബോറട്ടറിയിൽ നിന്ന് കടത്തിക്കൊണ്ടുവന്നത് എന്ന് സംശയം. വ്യാജ തെളിവ് ഹാജരാക്കി എന്ന വകുപ്പും ഇയാൾക്കെതിരെ ചുമത്തും.