കൊലപാതകികളിലൊരാൾ ലഷ്കറെ തോയ്ബ അംഗം നവീത് ജാട്ടെ ഫെബ്രുവരിയിലാണ് ശ്രീനഗറിലെ ഒരു ഹോസ്പിറ്റലിൽ നിന്ന് നവീത് ജാട്ടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടത്
ശ്രീനഗർ: മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ ഘാതകരിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഷ്കറെ തോയ്ബ അംഗം നവീത് ജാട്ടെ എന്ന് പൊലീസ്. ഈ വർഷം ഫെബ്രുവരിയിലാണ് ശ്രീനഗറിലെ ഒരു ഹോസ്പിറ്റലിൽ നിന്ന് നവീത് ജാട്ടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടത്. കാശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാശ്മീർ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഷുജാത്ത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ടത് ഈ മാസം 14 ന് ആയിരുന്നു.
ഘാതകർ ആരൊക്കെയാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കേസിന്റെ സ്വഭാവം മുൻനിർത്തി കൂടുതൽ വിവരങ്ങൾ പുറത്തു പറയാറായിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു. ആരൊക്കെയാണ് ബുഖാരിയെ കൊല്ലാൻ മുന്നിട്ടിറങ്ങിയതെന്ന് അറിയാൻ മാധ്യമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഔദ്യോഗികമായ പ്രസ്താവന ഇതുവരെയും പൊലീസിൽ നിന്ന് ലഭിച്ചിട്ടില്ല. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നതായി ശ്രീനഗർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്.
ജമ്മു കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു ഷുജാത്ത് ബുഖാരി. അതാകാം തീവ്രവാദികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് അനുമാനിക്കുന്നു. ബുഖാരിയുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ തീവ്രവാദി സംഘം നോട്ടമിട്ടിരുന്നതായി അജ്ഞാതനായ ഒരു ബ്ലോഗർ തന്റെ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. ഷുജാത്ത് ബുഖാരിയുടെ ഘാതകരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ശ്രീനഗറിലെ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കാശ്മീരിന്റെ ശബ്ദമായിരുന്ന ഒരു മാധ്യമപ്രവർത്തകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്.
