പൊലീസുകാരന്റെ യൂണിഫോമില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍
വിര്ജീനിയ:കീഴടങ്ങാന് കൂട്ടാക്കാതിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. അമേരിക്കയിലെ വിര്ജീനിയയിലാണ് സംഭവം. തുറസായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ട കാറിനുള്ളില് സംശയകരമായ സാഹചര്യത്തില് കണ്ടതോടെയാണ് ഇയാളോട് കീഴടങ്ങാന് പൊലീസ് നിര്ദേശിച്ചത്. എന്നാല് ഇയാള് നഗ്നനായി കാറില് നിന്ന് ഇറങ്ങിയോടുകയും റോഡില് കയറി നിന്ന് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. ഇതിന് ശേഷം പൊലീസുകാര്ക്ക് നേരെ ഓടിയടുത്തതോടെയാണ് പൊലീസുകാരന് ഇയാള്ക്ക് നേരെ വെടിയുതിര്ത്തത്.
പൊലീസുകാരന്റെ യൂണിഫോമില് ഘടിപ്പിച്ചിരുന്ന ക്യാമറയില് നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്. യുവാവിനെ വെടിവച്ച് കൊന്നത് ഏറെ വിവാദമായതിനെ തുടര്ന്നാണ് റിച്ച്മൗണ്ട് പൊലീസ് തന്നെ യുവാവിനെ വെടിവച്ച ദൃശ്യങ്ങള് പുറത്ത് വിട്ടത്. മാര്ക്കസ് ഡേവിഡ് പീറ്റര് എന്ന യുവാവാണ് പൊലീസ് വെടിവയ്പില് പരിക്കേറ്റ് മരിച്ചത്.
എന്നാല് മാര്ക്കസിന് മാനസികതകരാറ് ഇല്ലെന്നും ഗൂഡോദേശ്യത്തോടെയുള്ള വെടിവയ്പില് മാര്ക്കസ് ഇരയാവുകയായിരുന്നെന്നായിരുന്നു യുവാവിന്റെ വീട്ടുകാരുടെ പരാതി. വെടിവയ്പ് നടന്ന സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല് സ്വയരക്ഷയ്ക്കായല്ല വെടിവയ്പ് നടന്നതെന്ന് ആരോപണം ഉണ്ട്. നിരവധി തവണ മാര്ക്കസിന് നേരെ പൊലീസുകാരന് വെടിവയ്ക്കുന്നത് ദൃശ്യങ്ങളില് കാണാന് സാധിക്കും.

ചികിത്സ വേണ്ടിയിരുന്ന യുവാവിനെ വെടിവച്ച് കൊന്നതില് പ്രതിഷേധം ഏറെ ശക്തമായിരുന്നു. മൈക്കല് ന്യാന്റ്റാക്കി എന്ന പൊലീസ് ഉദ്യോഗസ്ഥന് സംഭവത്തില് അന്വേഷണം നേരിടുകയാണ്. എന്നാല് സംഭവത്തില് പൊലീസിന് നേരെ രൂക്ഷമായവിമര്ശനം നേരിട്ടതോടെയാണ് പൊലീസ് തന്നെ സംഭവത്തിന്റെ വീഡിയോ പുറത്ത് വിടുന്നത്.
സംഭവിച്ച വീഡിയോ പുറത്ത് വന്നെങ്കിലും എങ്ങനെയാണ് യുവാവ് നഗ്നനായതെന്നും തുറസായ ഇടത്ത് ഉപേക്ഷിക്കപ്പെട്ട കാറില് കണ്ടെന്നുമുള്ള വീട്ടുകാരുടെ സംശയങ്ങള്ക്ക് അവസാനമായിട്ടില്ല.
