കൊച്ചി സൗത്ത് ജനതാ റോഡില്‍ വാടകക്ക് താമസിക്കുന്ന പ്രദീഷെന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവദിവസം രാത്രി മതില്‍ ചാടിക്കടന്ന് സുനില്‍ കുമാര്‍, ഇയാളെ കാണാന്‍ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. എന്നാല്‍ അന്നുരാത്രി താന്‍ മദ്യപിച്ച് ഉറക്കത്തിലായിരുന്നെന്നും സുനില്‍ കുമാറിനെ കണ്ടിട്ടില്ലെന്നുമാണ് സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മുറിയില്‍ നിന്നാണ് മൂന്ന് മെമ്മറി കാര്‍ഡുകളും മൂന്ന് മൊബൈല്‍ ഫോണും ഒരു ടാബും കിട്ടിയത്. ഇത് തന്‍റേത് തന്നെയാണെന്നും പ്രതിയുമായി ബന്ധമില്ലെന്നും പ്രദീഷ് പറഞ്ഞു

താനും സുനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സാധ്യതയില്ലെന്ന നിലപാടിലാണ് പൊലീസ്. ഭീഷണിപ്പെടുത്തി നടിയില്‍ നിന്ന് 50 ലക്ഷം ആദ്യപടിയായി വാങ്ങുകയായിരുന്നു പ്രതി സുനില്‍ കുമാറിന്റെ ലക്ഷ്യം. മറ്റൊരു നടിയേയും ഇത്തരത്തില്‍ കെണിയില്‍പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ കാണാതായ മൊബൈല്‍ ഫോണിനായി കൊച്ചി നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കയാണ്. വൈറ്റിലയും പൊന്നുരുന്നിയിലും ഗോശ്രീ പാലത്തിനടുത്തുമായി മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ കളഞ്ഞെന്നാണ് മുഖ്യപ്രതിയുടെ വ്യത്യസ്ഥ മൊഴിയുള്ളത്.