കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരൻ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് സംബന്ധിച്ച് സുനിൽകുമാർ പറഞ്ഞ വിവരങ്ങളാണ് രഹസ്യമൊഴിയിലുളളത്. ഇതിനിടെ സോളാർ കേസിൽ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ദീലീപിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. കേസിൽ ദീലീപിനും നാദിർഷക്കുമെതിരെ നേരിട്ടുളള തെളിവുകൾ അന്വേഷണസംഘത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്നാണ് സൂചന

വൈകിട്ട് മൂന്നുമണിയുടോയാണ് ആലുവ മജിസ്ട്രേറ്റ് കോടതി -2 തൃശൂർ സ്വദേശി ജിൻസന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മുഖ്യപ്രതി സുനിൽകുമാർ സഹതടവുകാരനായ തന്നോട് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞതായി ജിൻസൻ പൊലീസിനെ അറിയിച്ചിരുന്നു. ഗൂഡാലോചന സംബന്ധിച്ച തുടർ അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ജിൻസന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് സുനിൽ കുമാർ പറഞ്ഞതെല്ലാം കോടതിയിൽ പറഞ്ഞെന്ന് ജിൻസൻ അറിയിച്ചു

ഇതിനിടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. കീഴടങ്ങുന്നതിന് മുന്പ് സുനിൽകുമാറിനുവേണ്ടി രണ്ടുപേർ വിളിച്ചിരുന്നെന്നും അവർ ഒരു മാഡത്തിന്‍റെ കാര്യം പറഞ്ഞെന്നുമാണ് ഫെനി അവകാശപ്പെടുന്നത്. ഇക്കാര്യം ഫോനി തന്നോട് പറഞ്ഞതായി ദിലീപ് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു

എന്നാൽ കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനും നാദിർഷക്കും നേരിട്ട് പങ്കുളളതായി അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് സൂചന. എന്നാൽ ഇരുവരുടെയും കഴിഞ്ഞ പത്തുവർഷത്തെ സ്വത്തിടപാടുകൾ അടക്കമുളളവ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.