മലപ്പുറം: എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിച്ചാന്‍ ബഷീര്‍, അനസ് പിഎ, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നീ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നുള്ള പരാമര്‍ശങ്ങള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കും. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍േദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ ബി.എസ്.ബിനു അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍േദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനാണ് 'എന്‍റമ്മെടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് മൂന്ന് പെണ്‍കുട്ടികള്‍ ചുവടുവച്ചത്. ശിരോവസ്ത്രം ധരിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചതിനെ ചൊല്ലി ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍മീഡിയയില്‍ അപവാദ പ്രചരണം നടത്തുകയായിരുന്നു. സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും വരെ ഇക്കൂട്ടര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.