ചാലക്കുടി രാജീവ് വധക്കേസിൽ പ്രമുഖ അഭിഭാഷകൻ അഡ്വ .സി.പി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഉദയഭാനു ഒളിവിലാണെന്നാണ് പൊലീസിന്റെ നിലപാട്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദയഭാനുവിന്റെ വീട്ടിലെത്തി നോട്ടീസ് നൽകി.
എത്ര ഉന്നതനായാലും നിയമത്തിനു അതീതാനല്ലെന്നാണ് ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ കൊലപാതക കേസിൽ എഴാം പ്രതിയായ അഡ്വ. ഉദയ ഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റീസ് എ ഹരിപ്രസാദ് പറഞ്ഞത്. ഉദയഭാനുവും പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഫോൺ രേഖകളുണ്ട്. ഇക്കാര്യങ്ങൾ കണ്ടെത്തണം. രാജീവിനെക്കൊണ്ട് മുദ്രപത്രത്തിൽ ഒപ്പിടിച്ചശേഷം കൊലപ്പെടത്തിയതിന്‍റെ പിന്നിലെ ഗുഡാലോചനയും തെളിയേണ്ടതുണ്ട്. അയതിനാൽ ഉദയഭാനുനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കിഴടങ്ങാൻ അനുവദിക്കണമെന്ന ഉദയഭാവുവിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
യഥാർത്ഥ വസ്തുതകൾ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് തടസ്സമില്ലെന്നും എന്നാൽ മൂന്നാംമുറ പാടില്ലെന്നും ഉത്തരവിലുണ്ട്. നേരത്തെ ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ച് ഇടക്കാല ഉത്തവിലൂടെ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇതിനെ കൊല്ലപ്പെട്ട രാജീവിന്‍റെ മകൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഉബൈദ് പിൻമാറിയത്. തുടന്നാണ് ഹർജി പുതിയ ബെഞ്ചിലെത്തിയത്. അന്വേഷണത്തെ ബാധിക്കും വിധമുള്ള ഇടക്കാല ഉത്തരവുകൾ മുൻകൂർ ജാമ്യാപേക്ഷകളിൽ പാടില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദിന്‍റെ ഉത്തരവിലുണ്ട്.
ഹർജി തളളിയതിന് തൊട്ടുപിന്നാലെ തൃശൂരിൽ നിന്നുളള പൊലീസ് സംഘം തൃപ്പൂണിത്തുറയിലെ ഉദയഭാനുവിന്‍റെ വീട്ടിലെത്തി. കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും എന്നാൽ കണ്ടെത്താനായില്ലെന്നും പുതുക്കാട് പൊലീസ് അറിയിച്ചു. തുടർ നടപടി എന്തുവേണമെന്ന് ആലോചിച്ച് വരികയാണെന്ന് ഉദയഭാനുവിന്‍റെ കുടുംബാഗങ്ങളും പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കാനോ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാനോ ആണ് ആലോചന.
