കോഴിക്കോട് : കോഴിക്കോട് പതിനാറുകാരനെ മര്‍ദ്ദിച്ച എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ പൊലീസ് അതിക്രമം. നടക്കാവിലെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ പൊലീസ് അര്‍ദ്ധരാത്രി പതിനാറുകാരന്‍റെ അമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിനാറുകാരന്റെ അമ്മ നീതി ആവശ്യപ്പെട്ട് നിരാഹാരം നടത്തുകയായിരുന്നു. 

അസമയത്ത് വനിതാ ഹോസ്റ്റലിന് സമീപം എത്തിയ മെഡിക്കൽ കോളേജ് എസ്.ഐ ഹബീബുള്ളയോട് കാര്യം തിരക്കിയതിനായിരുന്നു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. കുടുംബം സമരം ആരംഭിച്ചതോടെ എസ്.ഐക്കതിരെ കേസ്സെടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ മാതാവ് നിരാഹാര സമരം തുടങ്ങിയത്. 

അതേസമയം പതിനാറുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ എസ് ഐയെ ന്യായീകരിച്ച് പൊലീസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തിരുന്നു. കമ്മീഷന്‍ ആക്ടിങ്ങ് അധ്യക്ഷന്‍ പി മോഹന്‍ദാസാണ് സംഭവത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.