ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലിസുകാരന്‍ പിടിയില്‍. ചെക്ക് പോസ്റ്റിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടര്‍ തെജ്‌വീര്‍ സിംഗാണ് പിടിയാലായത്. ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയായിരുന്നു. ലക്‌നൗവില്‍ നിന്ന് 350കി.മി അകലെയുള്ള കെംറി പട്ടണത്തോട് ചേര്‍ന്ന ബന്‍വര്‍ക ഗ്രാമത്തിലാണ് സംഭവം. 

തുടര്‍ന്ന് തടിച്ചുകൂടിയ 200ഓളം ഗ്രാമവാസികള്‍ ചെക് പോസ്റ്റ് ഉപരോധിച്ചു. പൊലിസ് സൂപ്രണ്ട് വിപിന്‍ താണ്ട സ്ഥലത്തെത്തി തെ‌ജ്‌വീര്‍ സിംഗിനെ അറസ്റ്റ് ചെയ്ത ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. പൊലിസുകാരന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ പോസ്കോ നിയമ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.