കോഴിക്കോട് : ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ പല ഓഫീസുകളെ സമീപിച്ചെങ്കിലും നിരാശയോടെ ഒരു ഭിന്ന ശേഷിക്കാരന്‍. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സുനില്‍ ഒരു വര്‍ഷത്തില്‍ അധികമായി ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പിലാണ്.
പോളിയോ പിടിപെട്ടത് മൂലം കൈയും കാലും തളര്‍ന്ന നിലയിലാണ് ചേളന്നൂര്‍ സ്വദേശി സുനില്‍. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ല. വിരലുകള്‍ നിവര്‍ത്തുവാന്‍ സാധിക്കാത്ത അവസ്ഥ. സ്വന്തമായി വീടോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ല. തുഛമായ വികലാംഗ പെന്‍ഷനിലാണ് ഇദ്ദേഹവും ഭാര്യയും ജീവിക്കുന്നത്.
2016 ഡിസംബറില്‍ ആധാറിനായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിരലടയാളം എടുക്കാന്‍ സാധിക്കുന്നില്ല എന്ന കാരണമാണത്രെ അധികൃതര്‍ പറയുന്നത്. ആധാര്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല ഓഫീസുകളിലും അപേക്ഷ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.
വീടിനായി സ്ഥലം വാങ്ങാന്‍ ചേളന്നൂര്‍ പഞ്ചായത്ത് സുനിലിന് തുക അനുവദിച്ചിട്ടുണ്ട്. പക്ഷേ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അതും മുടങ്ങിക്കിടക്കുകയാണ്. നേരത്തെ കൈകുത്തി നടക്കാന‍് കഴിയുമായിരുന്നു സുനിലിന്. അന്ന് കോഴിക്കോട് ബസ് സ്റ്റാന്‍റില്‍ പത്ര വില്‍പ്പനയായിരുന്നു ജോലി. എന്നാല്‍ വീണ് കൈ ഒടിഞ്ഞതിനാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി കിടന്ന കിടപ്പില്‍ തന്നെ.
