ദില്ലി: സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബംഗാള്‍ ഘടകം ശ്രമിക്കും
പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന ആറ് രജ്യസഭ സീറ്റുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്നാല്‍ കഴിയും. സീതാറാം യെച്ചൂരി മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കൈക്കൊണ്ട നിലപാടില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോ യോഗം വീണ്ടും തീരുമാനിച്ചു.
പശ്ചിമബംഗാഘ ഘടകം ഇത് കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ചയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പിബി തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് പിബിയിലെ ഒരു വിഭാഗം കൈക്കൊണ്ട നിലപാട്. യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന പിബി നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
പ്രത്യേകമായി അജണ്ടയില്‍ ഇല്ലെങ്കിലും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് പശ്ചിമബംഗാള്‍ ഘടകം ശ്രമിച്ചേക്കും. കോണ്‍ഗ്രസ് സഹകരണത്തിലൂടെ ജനറല്‍ സെക്രട്ടറി രാജ്യസഭയില്‍ വരേണ്ടതില്ല എന്നതാണ് പ്രകാശ് കാരാട്ട് പക്ഷം ഉയര്‍ത്തുന്ന പ്രധാന വാദം. അതിനാല്‍ പിബി തീരുമാനം കേന്ദ്രകമ്മിറ്റി മാറ്റാനുള്ള സാധ്യത കുറവാണ്.
