കൊച്ചി: പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ വിവാദ പരാമര്‍ശത്തിന് എതിരെയുള്ള കേസ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിലേക്ക്. സമാജ് വാദി പാര്‍ടി നേതാവ് അസംഖാന്റെ കേസിനൊപ്പം എം.എം.മണിയുടെ കേസും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മണിയുടെ മന്ത്രിസ്ഥാനം റദ്ദാക്കാനാകുമോ എന്നതാകും കോടതി പരിശോധിക്കുക.
വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ ഈ പരാമര്‍ശം ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുന്ന പരാമര്‍ശം നടത്തിയ എം.എം.മണിയുടെ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കോടതി ബുലന്ദ്‌ഷെഹര്‍ കേസില്‍ സമാജ് വാദി പാര്‍ടി നേതാവ് അസം ഖാന്‍ നടത്തിയ വിവാദ പരാമര്‍ശം പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ മണിക്കെതിരെയുള്ള കേസ് ഉന്നയിക്കാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ബുലന്ദ്‌ഷെഹര്‍ കൂട്ടബലാല്‍സംഗം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന പരാമര്‍ശമാണ് അന്ന് ഉത്തര്‍പ്രദേശില്‍ മന്ത്രിയായിരിക്കെ അസംഖാന്‍ നടത്തിയത്.
ഭരണഘടന പദവിയിലിരിക്കുന്ന ഓരാള്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അഭിപ്രായം സ്വാതന്ത്ര്യം അവകാശപ്പെടാനാകുമോ
എന്നതാണ് കോടതി പരിശോധിക്കുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഓരാളുടെ മന്ത്രിസ്ഥാനം റദ്ദാക്കാനാകുമോ എന്നതാകും എ.എം.മണിയുടെ കാര്യത്തില്‍ കോടതി പരിശോധിക്കുക. മണിക്ക് കേസ് ഭരണഘടന ബെഞ്ചിലേക്ക് എത്തിയതോടെ കേസിന് ദേശീയ പ്രാധാന്യം കൂടി കൈവരികയാണ്.
