മന്ത്രിയെക്കാണാന്‍ വിഷുക്കണിയുമായി പൊന്നനും കുടുംബവുമെത്തി

First Published 8, Apr 2018, 9:05 PM IST
Ponnan and his family went to the Vishukani to see the minister
Highlights
  • രാവിലെ എട്ടരയോടെയാണ് പൊന്നനും കുടുംബവും അന്തിക്കാട്ടെത്തിയത്.

തൃശൂര്‍: ആദിവാസി മൂപ്പനും സംസ്ഥാനത്തെ ആദിവാസി മേഖലയിലെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവുമായ പൊന്നനും കുടുംബവും കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അന്തിക്കാട്ടെ വീട്ടിലെത്തി കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വിഷു കൈനീട്ടമായി നല്‍കി. രാവിലെ എട്ടരയോടെയാണ് പൊന്നനും കുടുംബവും അന്തിക്കാട്ടെത്തിയത്. നിറപുഞ്ചിരിയോടെ ഇറങ്ങി വന്ന് മന്ത്രി  പൊന്നനേയും കുടുംബത്തെയും സ്വീകരിച്ചു. തുടര്‍ന്ന് വിഷുപ്പുടവ മന്ത്രി മൂപ്പനും കുടുബത്തിനും സമ്മാനിച്ചു.

പൊന്നന്റെ ഭാര്യ കാളിയമ്മ, മകള്‍ രാജി, പേരക്കുട്ടി ലതിക എന്നിവരുമുണ്ടായിരുന്നു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ തേക്കുവട്ടയിലെ ഊരിലേക്ക് അതും തങ്ങളുടെ കുടിയിലേക്ക് സംസ്ഥാനം ഭരിക്കുന്ന മന്ത്രി മല കയറി വന്നപ്പോള്‍ അന്ന് പൊന്നന്‍ തീരുമാനിച്ചതാണ് മന്ത്രിയുടെ നാട്ടിലേക്ക് പോകണമെന്ന്. അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷവും മൂപ്പന്‍ മന്ത്രിയുമായി പങ്കുവെച്ചു. തൃശൂരിനെ കുറിച്ച് കേട്ട് കേള്‍വി മാത്രം ഉണ്ടായിരുന്ന എനിക്ക് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ഈ നഗരവും കാണാന്‍ ഭാഗ്യം ഉണ്ടായതായും മൂപ്പന്‍ പറഞ്ഞു.

ജി.ഐ.രജിസ്ട്രാറായ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശായിലെ ഡോ.സി.ആര്‍. എല്‍സിക്കൊപ്പമാണ് മൂപ്പന്‍ മന്ത്രിയുടെ വീട്ടിലെത്തിയത്. ഊരിലെ അഞ്ച് ഏക്കറില്‍ കൃഷി ചെയ്ത ഒന്നാംവിളയുടെ ഉല്‍പ്പനങ്ങളുമായാണ് കൃഷിമന്ത്രിയെ കാണാനെത്തിയത്. പരമ്പരാഗതവും ജൈവികവുമായ പ്രത്യേകതരം നിലക്കടല, തുമാരപരിപ്പ്, ചോളം, കുറ്റിയമര എന്നിവയെല്ലാമായിട്ടായിരുന്നു പൊന്നന്റെ വരവ്. ചോളവും തുമര പരിപ്പും ഉള്‍പ്പടെയുള്ളവയെല്ലാം നിറഞ്ഞ സന്തോഷത്തോടെ പൊന്നന്‍ വീട്ടുമുറ്റത്ത് വെച്ച് മന്ത്രിക്ക് നല്‍കുകയും ചെയതു.

പിന്നെ മന്ത്രിയോടൊപ്പം പൊന്നനും കുടുംബത്തിനും പ്രാതല്‍. ശര്‍ക്കര നീരില്‍ മുക്കി കഴിക്കുന്ന വിഷുക്കട്ടയും പ്രത്യേകമായി മുപ്പന് മന്ത്രി ഒരുക്കിയിരുന്നു. ആരും വിചാരിക്കാത്ത നേരത്ത് മന്ത്രി അട്ടപ്പാടിയിലേക്ക് വന്നപ്പോള്‍ ഊരിലുള്ളവര്‍ക്കെല്ലാം സന്തോഷമായിരുന്നുവെന്ന് പൊന്നന്‍ പറഞ്ഞു. ആദിവാസി മേഖലയില്‍ ആദ്യമായി ജൈവകര്‍ഷക അവാര്‍ഡ് നേടിയപ്പോള്‍ പൊന്നന് ഒരു ലക്ഷം രൂപയും സ്വര്‍ണ പതക്കവും പ്രശസ്തിപത്രവുമെല്ലാം കിട്ടിയിരുന്നു. എന്നാല്‍ മന്ത്രിയോട് എന്തെങ്കിലും ആവശ്യം പറയാനുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആവശ്യങ്ങളൊന്നുമില്ലെന്ന് പൊട്ടിച്ചിരിച്ച് പൊന്നന്‍ പറഞ്ഞു. തങ്ങളുടെ ഊരിലുള്ളവര്‍ക്ക് കൃഷിഭവന്‍ പോലും ഉണ്ടെന്ന് അറിയില്ലായിരുന്നു. 2013 ല്‍ കൃഷി നാശം വന്നപ്പോള്‍ നഷ്ടപരിഹാരം കിട്ടുമെന്നും അറിയില്ലായിരുന്നെന്നും മൂപ്പന്‍ പറഞ്ഞു. 

മന്ത്രിയോട് പരാതി പറഞ്ഞപ്പോള്‍ കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരവും കിട്ടി. രണ്ടാം തവണത്തെ സംഖ്യ ഇയ്യിടെയാണ് കിട്ടിയത്. ഒന്നാം വിളവെടുത്താല്‍ വിഷു മുതല്‍ ശിവരാത്രി വരെയാണ് പിന്നെ കൃഷിയിറക്കക. പൊന്നന്റെ കൃഷിയുടെ പിന്നില്‍ ഭാര്യ കാളിയമ്മയുടെ  ശക്തിയെന്ന് ഡോ.സി.ആര്‍.എല്‍സി പറഞ്ഞപ്പോള്‍ ഭാര്യ കാളിയമ്മ നാണത്തോടെ പൊന്നന്റ പിന്നിലേക്ക് മാറി. പൊന്നനും ആറ് മക്കള്‍ക്കും കൂടി അഞ്ച് ഏക്കര്‍ കൃഷിസ്ഥലമുണ്ടെന്ന് പൊന്നന്‍ വ്യക്തമാക്കി. നാടന്‍ പശുവും പൂട്ടു കാളയുമുണ്ട്. 

കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ 250 ഹെക്ടറില്‍ മില്ലററ് കൃഷി ചെയ്തുവെങ്കിലും വരള്‍ച്ചമൂലം അല്പം പാളിപ്പോയി. ഇത്തവണ വിഷു കഴിഞ്ഞാല്‍ മില്ലറ്റ് വില്ലേജിന്റെ രണ്ടാംഘട്ട കൃഷിപ്പണികള്‍ തുടങ്ങുമെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. ഇതിനായി അഞ്ച് മെട്രിക് ടണ്‍ വിത്ത് സംഭരിച്ചു. മില്ലറ്റ് വില്ലേജിലെ വിളകളായ റാഗി, ചാമ എന്നിവ അട്ടപ്പാടി ബ്രാന്റില്‍ പൊടിയുള്‍പ്പടെയുള്ള വിവിധ ഭക്ഷ്യവസ്തുക്കളായി വിപണിയിലിറക്കും. 

അട്ടപ്പാടിയുടെ ആറ്റു കൊമ്പന്‍, കുറ്റിയമര എന്നിവയ്ക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ എടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടി, കാസര്‍കോട്, വയനാട് ആദിവാസി മേഖലകളില്‍ കൃഷി ചെയ്യുന്ന സുഗന്ധവിളകളില്‍പ്പെടുന്ന 42 ഇനം നെല്‍വിത്തുകളും കൃഷി ചെയ്ത് സംസ്‌ക്കരിച്ച് അരിയാക്കി വിപണിയിലിറക്കി ആദിവാസികളുടെ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങള്‍ നടന്നു വരുകയാണെന്നും മന്ത്രി പറഞ്ഞു.

loader