എല്ലാ പ്രതീക്ഷകളും റൊണാള്‍ഡോയില്‍

മോസ്കോ: മികവിന്‍റെ പാരമ്യത്തിലെത്തിയ താരങ്ങള്‍ ഒരുപാട് വന്നിട്ടും ലോകകപ്പിന്‍റെ വേദിയില്‍ ശ്രദ്ധേയ നേട്ടങ്ങളില്ലാത്ത ടീമാണ് പോര്‍ച്ചുഗല്‍. യൂറോ കപ്പിന്‍റെ പ്രൗഢിയുമായി ഇത്തവണ എത്തുന്ന പറങ്കിപ്പടയ്ക്ക് ആ പേര് ദോഷം മാറ്റാനുള്ള ശക്തിയുണ്ടെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. 1966ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.

അവസാന സന്നാഹ മത്സരവും കഴിഞ്ഞ് പോര്‍ച്ചുഗല്‍ ടീം റഷ്യയില്‍ എത്തി കഴിഞ്ഞു. അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ആവേശത്തില്‍ റഷ്യയിലെത്തിയ ടീമിനെ വരവേറ്റത് ചാറ്റല്‍ മഴയാണ്. മഴ തോര്‍ന്നതോടെ ടീം പരിശീലനത്തിനിറങ്ങി. കാത്തിരുന്ന ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ആദ്യം ഗ്രൗണ്ടിലിറങ്ങിയത്.

പരിശീലന സെഷനില്‍ സഹതാരങ്ങളെ പ്രചോദിപ്പിച്ചും ഉത്തേജനം പകര്‍ന്നുമാണ് റൊണാള്‍ഡോ നിറഞ്ഞത്. ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും യൂറോ കപ്പും അടക്കം ഫുട്ബോളില്‍ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ലോകകിരീടം നേടാനുള്ള അവസാന അവസരമാണ് റഷ്യയിലേത്. ഗ്രൂപ്പ് ബിയില്‍ സ്പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവരാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ശനിയാഴ്ച സ്പെയിനുമായാണ് ആദ്യ മത്സരം.