ലിഗയുമായി മൽപ്പിടുത്തമുണ്ടായെന്ന് സമ്മതിച്ച രണ്ടുപേരും  പരസ്പര വിരുദ്ധമായ  മൊഴികളാണ് നൽകുന്നത്.

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നാളെ മാത്രമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. ലിഗയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വൈകുന്നതാണ് കാരണം. പൊലീസ് കസ്റ്റഡയിലുള്ള രണ്ടു പേർ‍ കുറ്റംസമ്മതിച്ചെന്നാണ് സൂചന. ലിഗയുമായി മൽപ്പിടുത്തമുണ്ടായെന്ന് സമ്മതിച്ച രണ്ടുപേരും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ലിഗയുടെ മൃതദേഹം നാളെ ശാന്തികവാടത്തിൽ സംസ്കരിക്കും.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ സ്ഥരിമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരിൽ രണ്ടു പേരിൽനിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. പക്ഷേ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ലിഗ പൊന്തകാട്ടിൽ എത്തിയതാണെന്നും മയക്കുമരുന്നു നൽകിയെന്നും പണം നല്‍കാത്തിന്റെ പേരിൽ പിടിവലിയുണ്ടായപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് ഒരാളുടെ മൊഴി. കയ്യേറ്റ ശ്രമമുണ്ടായെന്നാണ് രണ്ടാമത്തെയാളുടെ മൊഴി. ആന്തരികാവയവങ്ങലുടെ പരിശോധാഫലവും സ്ഥലത്തുനിന്നും കിട്ടിയ മുടിയുടെയും വിരലടയാളങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലവും കിട്ടിയാലെ കൂടുതൽ വ്യക്തത വരൂ. കൃത്യമായ തെളിവുകള്‍ ലഭിച്ചാൽ അറസ്റ്റുണ്ടാകും. 

അതേസമയം ലിഗയുടെ മൃതദേഹം നാളെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും. ശേഷം ചിതാഭസ്‍മവുമായി എലിസ അടുത്ത ആഴ്ച ജന്മനാടായ ലിത്വാനിയയിലേക്ക് മടങ്ങും. ലിഗയുടെ ആഗ്രഹപ്രകാരം പൂന്തോട്ടത്തിൽ ചിതാഭസ്മം സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഞായറാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലിഗയുടെ അനുസ്മരണം നടക്കും. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസി‍ഡൻറ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.