ഒറ്റുകാരും കള്ളന്മാരും ഞങ്ങളെ നയിക്കേണ്ട അണികളുടെ വികാരം കണ്ടില്ലെന്നു നടിക്കരുത്
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇന്ദിരാഭവന് മുന്നിൽ പോസ്റ്ററുകൾ. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് ആയാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്ന് പോസ്റ്ററില്‍ പരാമര്‍ശം. ഒറ്റുകാരും കള്ളന്മാരും നയിക്കേണ്ട എന്ന് സേവ് കോൺഗ്രസ് എന്ന പേരിലുള്ള പോസ്റ്ററിൽ പറയുന്നു.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നിൽക്കെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍ കണ്ടത്. തീരുമാനം എടുത്ത നേതാക്കൾക്ക് എതിരെ കടുത്ത വിമർശനം ഉറപ്പാണെങ്കിലും രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം താൽക്കാലിക വെടി നിർത്തലിന് സാധ്യത ഉണ്ട്.
21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിൽ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ ബാക്കി എല്ലാവര്‍ക്കും കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യ സഭാ സീറ്റ് നൽകിയതിൽ കടുത്ത അതൃപ്തി. പ്രതി ഉമ്മൻചാണ്ടി തന്നെ എന്ന് പൊട്ടിത്തെറിച്ച് പിജെ കുരിയൻ. ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും രംഗത്തുണ്ട്.
യുവനേതാക്കളും എംഎൽമാരും എന്നുവേണ്ടഹൈക്കമാന്റിനെ പോലും അന്പരപ്പിക്കുന്ന പ്രതിഷേധത്തിന് കാരണമായ തീരുമാനം എന്തായാലുംരാഷ്ട്രീയകാര്യ സമിതിയിൽ വൻ കലാപത്തിനിടയാക്കുമെന്ന് ഉറപ്പാണ്. അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോദ്ധ്യപ്പെടുത്തിയെടുത്ത തീരുമാനത്തിൽ ഉമ്മൻചാണ്ടിയെ മാത്രംപ്രതിക്കൂട്ടിൽ നിര്ത്തുന്നതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിഫലിക്കും.
ഹൈക്കമാൻഡ് അംഗീകരിച്ചതിനാൽ തീരുമാനം മാറ്റാൻ ആകില്ല. അത് കൊണ്ട് തന്നെ യോഗത്തിലെ വിമര്‍ശനത്തോടെ വിഴുപ്പലക്കലിന് താൽക്കാലിക ശമനം ഉണ്ടാകാം. എന്നാൽ ഇനിയും മൂന്നു നേതാക്കൾ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാൻ ഹൈ കമാൻഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും. മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മൻചാണ്ടി യോഗത്തിനെത്തിയെക്കില്ല
