ദില്ലി: സഹാറ, ബിര്‍ള കമ്പനികള്‍ ഉന്നതരാഷ്‌ട്രീയക്കാര്‍ക്ക് പണം കൊടുത്തതിന്റെ കണക്ക് കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. സഹാറ,ബിര്‍ള കമ്പനികളുടെ ഓഫീസില്‍ ആദായനികുതി വകുപ്പും, സിബിഐയും നടത്തിയ റെയ്ഡില്‍ ഉന്നത രാഷ്‌ട്രീയക്കാര്‍ക്ക് പണം കൊടുത്തത്തിന്റെ രേഖകള്‍ കണ്ടെത്തിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനും, പ്രത്യേക അന്വഷണ സംഘത്തിനും നേരത്തെ കത്തു നല്‍കിയിരുന്നു. കത്ത് ഫയലില്‍ സ്വീകരിച്ച കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് സെറ്റില്‍മെന്റ് കമ്മീഷന്‍ കേസ് കേള്‍ക്കുമെന്ന് മറുപടിയും നല്‍കി. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രമുഖരുടെ പണമിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട കത്ത് പ്രത്യക്ഷ നികുതി ബോര്‍ഡിന് കിട്ടിയപ്പോള്‍ ചെയര്‍മാനായിരുന്ന കെ വി ചൗധരിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് കാണിച്ച് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ  പരിഗണനയിലുണ്ട്.
 

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇന്നലെ ആരോപിച്ചിരുന്നു. ബിര്‍ള ഗ്രൂപ്പിന്റെ ചില പദ്ധതികള്‍ക്ക് അനുമതി നല്‍കാനാണ് മോദി കൈക്കൂലി വാങ്ങിയതെന്നാണ് കേജ്രിവാളിന്റെ ആരോപണം. 2013-ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മോദിക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചത്. 2012 നവംബര്‍ 16-ന് അയച്ച ഇ-മെയിലിലാണ് ഈ വിവരങ്ങളുള്ളതെന്ന് കേജ്രിവാള്‍ ആരോപിച്ചു.