1,36,020 തീര്‍ഥാടകാരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 100,020 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കും. 64,500 തീര്‍ഥാടകര്‍ അസീസിയ കാറ്റഗറിയിലും ബാക്കിയുള്ളവര്‍ ഹറം പള്ളിക്ക് സമീപത്തുള്ള ഗ്രീന്‍ കാറ്റഗറിയിലുമാണ് താമസിക്കുക. ഇന്ത്യയില്‍ നിന്നെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും സേവനം ചെയ്യാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പൂര്‍ണ സജ്ജമാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ്‌ നൂര്‍ ഷെയ്ഖ്‌ പറഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിനായി ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 495 പേര്‍ ഇന്ത്യയില്‍ നിന്നും എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മിനാ ദുരന്തത്തിന്‍റെ വെളിച്ചത്തില്‍ ഇത്തവണ മശായിര്‍ ട്രെയിനിലെ യാത്രക്കാരെ കുറയ്‌ക്കാനാണ് തീരുമാനം. അതുകൊണ്ട് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ ട്രെയിന്‍ യാത്രയ്‌ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

നിലവില്‍ ഓരോ ദിവസവും ഏതാണ്ട് പതിമൂന്ന് ഹജ്ജ് വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും മദീനയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 35,000 ത്തോളം തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തി. ഇതില്‍ ആറായിരത്തോളം തീര്‍ഥാടകര്‍ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയതായും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. മക്കാ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം, ഹജ്ജ് മിഷന്‍ മക്കാ ഇന്‍ചാര്‍ജ് അബ്ദുല്‍ സലാം തുടങ്ങിയവരും പങ്കെടുത്തു.