ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് പദ്ധതിയുമായി കൂട്ടിയിണക്കിയത് ഏറ്റവും നല്ല തീരുമാനമായെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. രാഷ്‌ട്രപതി ഭവനില്‍ നിന്നു ആരംഭിക്കുന്ന സ്വച്ഛ്താ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സ്വച്ഛ് ഭാരത് പദ്ധതിയുടെ രണ്ടാം വര്‍ഷികാഘോഷം വിവിധ പരിപാടികളോടെ കേന്ദ്രസര്‍ക്കാര്‍ ആഘോഷിച്ചു.

ജീവിതത്തില്‍ ശുചിത്വത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് മഹാത്മാഗാന്ധിയെന്നും അദേഹത്തിന്റെ ജന്മദിനം സ്വച്ഛ്ഭാരത് പദ്ധതിയുമായി കൂട്ടിയിണക്കിയത് എന്തുകൊണ്ടും അനുയോജ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. എല്ലാവരോടും സര്‍ക്കാരിന്റെ ഈ പദ്ധതിയെ പിന്തുണക്കാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു. ദില്ലിയില്‍ പുതിയതായി സ്ഥാപിച്ച സ്മാര്‍ട് ശുചിമുറികളുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍വ്വഹിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സ്വച്ഛതാ റാലിയിലും മന്ത്രി പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമദാനവും ആഘോഷപരിപാടികളും നടന്നു. സ്വച്ഛ് ഭാരത് പദ്ധതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തപാല്‍ വകുപ്പ് രണ്ട് സ്റ്റാമ്പുകള്‍ പുറത്തിറക്കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹ്രസ്വ ചലചിത്ര പ്രദര്‍ശനവും ദില്ലിയില്‍ നടന്നു.