കോടതി വിലക്ക് ചൂണ്ടിക്കാട്ടി കേരളത്തിലെ മാധ്യമ ഉടമകളുടെ പ്രതിനിധികള്‍ കണ്ടപ്പോഴാണ് രാഷ്‌ട്രപതി നിലപാട് വ്യക്തമാക്കിയത്. അതേസമയം കോടതികളിലെ മാധ്യമ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്ക് ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും മാധ്യമപ്രവര്‍ത്തകരുടെ തൊഴിലെടുക്കാനുള്ള അവകാശത്തേയും ഹനിക്കുന്നതാണെന്നും, കോടതികളില്‍ പ്രവേശിക്കാന്‍ ഏതൊരു പൗരനുമുള്ള അവകാശം കേരളത്തിലെ കോടതികളില്‍ ഒരു കൂട്ടം അഭിഭാഷകര്‍ തടയുകയാണെന്നും കൂടിക്കാഴ്ച്ചയില്‍ മാധ്യമ ഉടമകളുടെ പ്രതിനിധികള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ ധരിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കെന്ന് രാഷ്ട്രപതി പ്രതിനിധി സംഘത്തോട് പറഞ്ഞു.
അതേസമയം കോടതിയിലെ മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലേയും മറ്റ് കോടതികളിലേയും മീഡിയാ റൂം ഉടന്‍ തുറക്കാന്‍ ഉത്തരവിടണം. സ്വതന്ത്രവും സുരക്ഷിതവുമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമൊരുക്കണം എന്നിവയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
