കോഴിക്കോട്: സംസ്ഥാനത്ത് അരിക്കും പയര്‍ വര്‍ഗങ്ങള്‍ക്കും വില കുറഞ്ഞു. പയര്‍ വര്‍ഗങ്ങൾക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിപ്പോള്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവുണ്ടായിട്ടും ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് പയര്‍ വര്‍ഗങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ റെക്കോര്‍ഡ് വിലക്കുറവാണ് ഉത്പന്നങ്ങള്‍ക്ക്. തുവര പരിപ്പ് മൊത്ത വില കിലോയ്ക്ക് 180 ല്‍ നിന്ന് 55 രൂപയായി. ഉഴുന്ന് കഴിഞ്ഞ വര്‍ഷം ഇതേ സമയം 190 രൂപ ഉണ്ടായിരുന്നത് 65 രൂപയാണിപ്പോള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പയര്‍ വര്‍ഗങ്ങള്‍ക്കെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതരും വ്യക്തമാക്കുന്നു. അരിയ്ക്കും സംസ്ഥാനത്ത് വില കുറഞ്ഞു. രണ്ട് മുതല്‍ മൂന്ന് രൂപ വരെയാണ് വിവിധ ഇനങ്ങള്‍ക്ക് കുറഞ്ഞിരിക്കുന്നത്. മുളക്, മല്ലി തുടങ്ങിയവയ്ക്കും വന്‍ വിലക്കുറവാണ് ഇപ്പോള്‍. 

മുളക് ചില്ലറ വില്‍പ്പന വില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 132 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 73 ആയി കുറഞ്ഞു. മല്ലിക്ക് 128 രൂപയില്‍ നിന്ന് 68 ആയാണ് കുറഞ്ഞിരിക്കുന്നത്.

വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇത്രയും വിലക്കുറവുണ്ടായിട്ടും ഹോട്ടലുകളില്‍ വിഭവങ്ങള്‍ക്കി വിലക്കുറവില്ല. ജി.എസ്.ടി പ്രത്യേകം ഈടാക്കി വില വര്‍ധിച്ചാണ് ഹോട്ടലുകള്‍ വില്‍ക്കുന്നതെന്ന് സാധാരണക്കാര്‍ പരാതി പറയുന്നു. ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.