ലുധിയാന: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം മറികടക്കാന്‍ ജനങ്ങള്‍ മെബൈല്‍ ഫോണ്‍ ഉപയോഗിക്കണം എന്ന് പ്രധാനമന്ത്രി. മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കാന്‍ ജനങ്ങളെ പരിശീലിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോടും അധ്യാപകരോടും യുവജനങ്ങളോടും മോഡി ആവശ്യപ്പെട്ടു. ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കുക. 

നിങ്ങളുടെ കൈയില്‍ ഇരിക്കുന്ന ഫോണ്‍ വെറും ഫോണ്‍ മാത്രമല്ല ഇത് ബാങ്കും പേഴ്‌സും കൂടിയാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ പണവുമായി നടക്കേണ്ടതില്ല. ചന്തയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ശേഷം മൊബൈല്‍ ഉപയോഗിച്ച് പണം നല്‍കാനാകും. പണത്തില്‍ തൊടാതെ തന്നെ നിങ്ങള്‍ക്കു വ്യാപാരം നടത്താന്‍ സാധിക്കും എന്നും മോഡി പറഞ്ഞു. 

കള്ളപ്പണത്തിന്‍റെ വ്യാപാരം ചിതല്‍ എന്ന പോലെ രാജ്യത്തെ തിന്നുതീര്‍ക്കുകയാണ്. കള്ളപ്പണവും അഴിമതിയും മധ്യവര്‍ഗത്തെ ചൂഷണം ചെയ്യുകയും ദരിദ്രരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. ഇതിനെ ഇല്ലാതാക്കാനും ദരിദ്രരുടെ അവകാശങ്ങള്‍ അവര്‍ക്കു തിരിച്ചു നല്‍കാനുമാണ് ആഗ്രഹിക്കുന്നത്. 

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി പുതിയ നോട്ടുകള്‍ ആളുകളിലേയ്ക്ക് ക്രമേണ എത്തിചേരും എന്നും നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ കഷ്ടതകള്‍ സഹിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായും മോഡി അറിയിച്ചു. 

തീരുമാനത്തിന്‍റെ ആത്മാര്‍ഥയെ തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കാനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പഞ്ചാബിലെ ഒരു പരിപാടിക്കിടയിലാണു മോഡി ഇക്കാര്യം പറഞ്ഞത്.