ദില്ലി: അച്ഛന്റെ തോക്കുമായി എത്തിയ വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പളിനെ വെടിവച്ച് കൊന്നു. ഹരിയാനയിലെ സ്വകാര്യ സ്‌കൂളില്‍ 12-ാം ക്ലാസുകാരിയാണ് പ്രിന്‍സിപ്പളിനെ വെടിവച്ചത്. ഗുരുതരമായി മുറിവേറ്റ പ്രിന്‍സിപ്പള്‍ റിതു ചബ്ര ആശുപത്രിയില്‍ വച്ച് മരിച്ചു.
മൂന്ന് വെടിയുണ്ടകളാണ് റിതുവിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ക്ലാസില്‍ ഹാജര്‍ നില കുറവായതിനാല്‍ കുട്ടിയെ സ്‌കൂളില്‍നിന്ന് വിലക്കിയിരുന്നുവെന്ന് യമുനാനഗര്‍ പൊലീസ് പറഞ്ഞു. യമുനാ നഗര്‍ സ്വദേശിയാണ് കൊലചെയ്ത 12-ാം ക്ലാസുകാരന്‍.
ഉച്ചയോടെ ആയുധവുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പളിനെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പളിന്റെ മുറിയിലെത്തിയ ഉടന്‍തന്നെ നിറയൊഴിക്കുകയായിരുന്നു.
പ്യൂണ്‍ അടക്കമുള്ളവര്‍ വിദ്യാര്‍ത്ഥിയെ തടയാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വെടിയുതിര്‍ത്ത് കഴിഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.
