തൊടുപുഴ: രക്താർബുദ രോഗിയായ ഒരു ബാലനെ സഹായിക്കാൻ സൗജന്യ സർവ്വീസ് നടത്തി അഞ്ചു സ്വകാര്യ ബസുകൾ. ഒരു ദിവസത്തെ വരുമാനം വേണ്ടെന്നു വച്ചതിനു പുറമേ ഡീസലടിച്ചു നൽകിയും ഉടമകൾ സഹായിച്ചപ്പോൾ ശമ്പളം വേണ്ടെന്നു വച്ചുകൊണ്ടായിരുന്നു തൊഴിലാളികളുടെ സഹായം.
തൂഫാൻ, മച്ചാൻസ്, ഷാലിമാർ, മേരിമാതാ ബസുകളാണ് രക്താർബുധ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുളള തൊടുപുഴ ഒളമറ്റം തോട്ടത്തിൽ അമലിന്റെ ജീവൻ രക്ഷിക്കാനായ് സൗജന്യ സർവ്വീസ് നടത്തിയത്. കണ്ടക്ടറും ടിക്കറ്റുമില്ലാതിരുന്ന ബസിലെ യാത്രക്കാർക്ക് ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നൽകാനായിരുന്നു അവസരം. അമലിനെ വെല്ലൂരെത്തിച്ച് ചികിത്സിക്കാൻ സഹായിക്കണമെന്ന അപേക്ഷ പരിഗണിച്ച ബസുടമകളുടെ സംഘടനയാണ് പരമാവധി സഹായം എന്ന നിലക്ക് തീരുമാനമെടുത്തത്.
ബസിലെ യാത്രക്കാർക്കു പുറമേ വഴിനീളെ ബസ് സ്റ്റേപ്പുകളിൽ നിന്നും സ്റ്റാന്റിൽ നിന്നുമൊക്കെ സഹായ നിധി സമാഹരിച്ചു. അമലിനെ രക്ഷിക്കാൻ വേണ്ടിവരുന്ന രക്തമൂല കോശങ്ങൾ മാറ്റിവക്കുന്ന ചികിത്സക്ക് 40 ലക്ഷം രൂപ ചിലവ് വരും. കൂലിപ്പണിക്കാരായ കുടുംബത്തിന് ഇതിന് കഴിവില്ല. അതിനാൽ സുമനസ്സുകളെല്ലാം സഹായിക്കണമെന്ന അഭ്യർത്ഥനയോടൊപ്പം കൂടുതൽ ബസുകൾ ഇതിനായ് സർവ്വീസ് നടത്തിക്കാനുമാണ് സംഘടയുടെ തീരുമാനം.
