എല്ലാ സ്വകാര്യ ഫാക്ടറികളുടെയും ഓഫീസുകള്‍ ഉപരോധിച്ച് കൊണ്ടാണ് സിപിഐഎം സമരം തുടങ്ങിയത്. എംഎല്‍എമാരുള്‍പ്പടെ പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശുവണ്ടി വികസനകോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ ഫാക്ടറിളും തുറന്നെങ്കിലും സ്വകാര്യ ഫാക്ടറികളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഓണക്കാലത്ത് തുറന്നാല്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും കൊടുക്കണമെന്നതിനാലാണ് സ്വകാര്യഫാക്ടറികള്‍ തുറക്കാത്തതെന്നാണ് ആരോപണം. 200 ലധികം ഫാക്ടറികളാണ് കൊല്ലം ജില്ലയില്‍ ആകെയുള്ളത്.

തോട്ടണ്ടി കിട്ടാത്തത് കാരണമാണ് ഫാക്ടറികള്‍ തുറക്കാന്‍ വൈകുന്നതെന്നാണ് സ്വകാര്യ ഉടമകളുടെ വിശദീകരണം. തോട്ടണ്ടി വരുന്ന മുറയ്ക്ക് അടുത്ത മാസം മുതല്‍ ഫാക്ടറികള്‍ തുറക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ടണ്‍ കണക്കിന് തോട്ടണ്ടി ശേഖരം പല സ്വകാര്യ ഫാക്ടറികളിലുമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഫാക്ടറികള്‍ തുറക്കുന്നത് വരെ ശക്തമായ സമരം നടത്താനാണ് സിപിഐഎം തീരുമാനം.