സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലീഗ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആരുമെത്തിയില്ല
ദില്ലി:മുസ്ലിംലീഗ് ദേശീയ ആസ്ഥാന ഉദ്ഘാടന ചടങ്ങിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് വിട്ട് നിന്നതെങ്കിലും, രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ഇന്ന് പ്രിയങ്ക പങ്കാളിയായത് ലീഗിന്‍റെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ദില്ലിയിലെ ദരിയാ ഗഞ്ചില്‍ ഖായിദ് മില്ലത്ത് സെന്‍റര്‍ എന്ന ദേശീയ ആസ്ഥാനം മുസ്ലീം ലീഗ് യാഥാര്‍ത്ഥ്യമാക്കിയത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലീഗ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആരുമെത്തിയില്ല. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന ്നേതാക്കള്‍ യോഗത്തില്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ പ്രിയങ്കയും പങ്കെടുത്തില്ല. ആശംസകള്‍ നേര്‍ന്നുള്ള പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. അനാരോഗ്യം മൂലം പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിപ്പ്. പ്രിയങ്കയുടെ അസാന്നിധ്യം ലീഗ് നേതൃത്വത്തിന് ക്ഷീണമായി.
അനാരോഗ്യം മൂലം ചടങ്ങില്‍ നിന്ന് വിട്ടു നിന്ന പ്രിയങ്ക എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കിപ്പുറം രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ഉത്സാഹത്തോടെ പങ്കെടുത്തതും ലീഗ് നേതാക്കള്‍ക്കിടയില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ വഖഫ് നിയമഭേദഗതി ബില്ലില്‍ പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ പ്രിയങ്ക പങ്കെടുക്കാത്തതിലും ലീഗിന് അതൃപ്തിയുണ്ടായിരുന്നു. മുസ്ലീംലീഗിന്‍റെ പരിപാടിയില്‍ പങ്കെടുത്താല്‍, പാകിസ്ഥാന്‍ ലീഗുമായി സഹകരിച്ചെന്ന കള്ള പ്രചാരണം ഉത്തരേന്ത്യയില്‍ ബിജെപി നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രിയങ്ക വിട്ടു നിന്നതാണെന്ന സംസാരമുണ്ട്


