മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങി. തൊഴിലുടമകള്‍ക്കും നിയമം ബാധകമാണെന്ന് മന്ത്രി ടി പി രമാകൃഷ്ണന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭൂമി സംബന്ധമായ ക്രമക്കേടുകളില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് റവന്യൂമന്ത്രിയും അറിയിച്ചു.

തൊഴില്‍ വകുപ്പിന്‍റെ കണ്ണുവെട്ടിച്ച് പി വി അന്‍വര്‍ എംഎല്‍എ പാര്‍ക്ക് നടത്തുന്നതും, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാത്തതും തെളിവ് സഹിതം ഏഷ്യനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താമരശേരി ലേബര്‍ ഓഫീസില്‍ പാര്‍ക്ക് രജിസ്റ്റര്‍ ചെയ്തു. അതായത് പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം. തൊഴില്‍ നിയമലംഘനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് പി എഫ് ഓര്‍ഗനൈസഷനും, ഇസ്ഐകോര്‍പ്പറേഷനും അന്വേഷിക്കുന്നത്. 

ഭൂമി സംബന്ധമായ ക്രമക്കേടുകളിലും എംഎല്‍എക്കെതിരെ അന്വേഷണം നടക്കുകയാണ്. റവന്യൂ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലയില്‍ എംഎല്‍എയുടെ പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കളകടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ സര്‍ക്കാര്‍ സ്ഥിരീകരിച്ച തടയണ നിര്‍മ്മാണത്തിലെ നിയമലംഘനത്തില്‍ നാളെ പി.വി അന്‍വറിനും, ഭാര്യാപിതാവിനും നോട്ടീസ് നല്‍കതും. നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട്ടരുവിയില്‍ നിര്‍മ്മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ച് നീക്കണമെന്നാണ് മലപ്പുറം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.