ബീജിംഗ്: ചൈനയില്‍ സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. സിൻജിയാങിൽ മുഖാവരണം ധരിക്കുന്നതും നീണ്ട താടി വളർത്തുന്നതും നിരോധിച്ചതിനെതിരെയാണ് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയത്. ഭീകരവാദം തടയാനെന്ന പേരിൽ നടപ്പാക്കുന്ന ഉത്തരവ് പ്രദേശത്തെ ഉയ്ഘുർ മുസ്ലീംങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘടനകൾ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ചിഹ്നങ്ങള്‍ പരസ്യമാക്കേണ്ടതില്ല എന്ന നിലപാടിനെ തുടര്‍ന്ന് താടിയും മീശയും നീട്ടി വളര്‍ത്തുന്നതിന് നേരത്തെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖാവരണം ധരിക്കുന്നതില്‍ സ്ത്രീകളെ വിലക്കി ഉത്തരവിറങ്ങിയത്. മുസീലം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാന്‍ഗിലാണ് മത തീവ്രവാദം ചെറുക്കുക എന്ന ലക്ഷ്യമുയര്‍ത്തി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ചൈനയിലെ മുസ്ലീം ഭൂരിപക്ഷമായ ഉയ്ഗര്‍ വിഭാഗക്കാരെ നിയന്ത്രിയ്ക്കുക എന്നതാണ് പുതിയ ഭരണപരിഷ്‌ക്കാരത്തിന്റെ ലക്ഷ്യം.

മുസ്ലീം ആചാരങ്ങള്‍ക്ക് സമാനമായ ജീവിതചര്യ പിന്തുടരുന്നവരാണ് ഉയ്ഗറുകള്‍. സ്ത്രീകള്‍ മുഖവും ശരീരവും മുഴുവന്‍ മറച്ചാണ് പുറത്തിറങ്ങുക. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. എയര്‍പോര്‍ട്ടുകളില്‍ അടക്കം ഇത് വലിയ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ബീജിങ് മെട്രോ അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതിനൊപ്പം മതപരമായ വിവാഹങ്ങള്‍ക്കുള്ള നിയമ സാധുതയും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ‍കുടുംബാസൂത്രണത്തെ എതിര്‍ക്കുന്നവരും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരും പുതിയ ഉത്തരവ് അനുസരിച്ച് നടപടി നേരിടേണ്ടി വരും.

ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചെത്തുന്നവരെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ കൂടുതല്‍ പേരെ മത തീവ്രവാദത്തിലേക്ക് തിരിച്ചു വിടാനേ ഇടയാക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവുമിയ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.