ഡമോക്രാറ്റുകള്‍ പാസാക്കിയ നിയമം അനുസരിച്ചാണിതെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം.

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരില്‍നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രഥമവനിത മെലനി ട്രംപ്. നടപടി ക്രൂരമെന്ന് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭാര്യ ലോറ ബുഷും അഭിപ്രായപ്പെട്ടു. ആറാഴ്ചക്കിടെ 2000 കുട്ടികളെയാണ് അതിര്‍ത്തികടന്നെത്തിയ അച്ഛനമ്മമാരില്‍നിന്ന് വേര്‍പിരിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരായി കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ക്രൂരവും ഹൃദയംതകര്‍ക്കുന്നതുമാണ് പുതിയ നയമെന്നാണ് ലോറ ബുഷിന്റെ അഭിപ്രായം. കുട്ടികളെ അച്ഛനമ്മമാരില്‍നിന്ന് വേര്‍പിരിക്കുന്നത് താങ്ങാനാവാത്തതാണെന്ന് ട്രംപിന്റെ ഭാര്യ മെലനി ട്രംപിന്റെ വക്താവാണ് അറിയിച്ചത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരുടെ മേല്‍ ക്രിമിനല്‍ കുറ്റമാണ് ചുമത്തുന്നത്, അപ്പോള്‍ കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കോ ബന്ധുക്കളുടെയടുത്തേക്കോ മാറ്റുകയാണിപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഡമോക്രാറ്റുകള്‍ പാസാക്കിയ നിയമം അനുസരിച്ചാണിതെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം. പക്ഷേ ഏത് നിയമമെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

കഴിഞ്ഞ മാസം അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രഖ്യാപിച്ച നയമാണ് നടപ്പാക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതുവരെ അനധികൃത കുടിയേറ്റക്കാരെ കുട്ടികളെയടക്കം നാടുകടത്തുക മാത്രമാണ് ചെയ്തിരുന്നത്. പുതിയ നയം കാരണം സംരക്ഷണ കേന്ദ്രങ്ങളില്‍ ഇടമില്ലാതായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ഗോഡൗണ്‍ പോലുള്ള സ്ഥലങ്ങളില്‍ കുട്ടികളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നു എന്ന് സെനറ്റര്‍മാരും ആരോപിക്കുന്നു. ടെക്‌സ്സ് മരുഭൂമിയില്‍ ടെന്റുകള്‍ നിര്‍മ്മിച്ച് കുട്ടികളെ പാര്‍പ്പിക്കാനും തുടങ്ങിയിട്ടുണ്ട്. നയത്തിനെതിരായി ഫെ‍ഡറല്‍ കേസടക്കം നിലവിലുണ്ട്. ഈയാഴ്ച പ്രശ്നത്തില്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കും, പക്ഷേ നയത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.