റാഞ്ചിയില്‍ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ വസ്‌ത്രം ഉരിഞ്ഞ് ശിക്ഷിക്കുന്നതിനെതിരെ പ്രതിഷേധം. നാല് ദിവസത്തിനിടെ പിടികൂടിയ നൂറിലധികം ആളുകളെ വസ്‌ത്രം അഴിച്ചുവയ്പ്പിച്ച് മാപ്പ് പറയിച്ചാണ് അധികൃതര്‍ വിട്ടയച്ചത്. സര്‍ക്കാരിന്റെ തലതിരിഞ്ഞ ശിക്ഷ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി റാഞ്ചി കോര്‍പറേഷന്‍ പരിധി പൂര്‍ണ്ണമായി വിസര്‍ജ്ജന മുക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയെന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ വിശദീകരണം. കോര്‍പറേഷന്‍ പരിധിയില്‍ പരസ്യമായി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരുടെ വസ്‌ത്രം അടക്കം ഉരിഞ്ഞെടുത്ത് പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ കൂടി ചൊല്ലിച്ച ശേഷമേ അധികൃതര്‍ വിട്ടയക്കു. നാല് ദിവസത്തിനിടെ നൂറിലധികം ആളുകളെ പിടികൂടി. 100രൂപ വീതമാണ് പിഴ. ഈ പിഴത്തുക ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിക്കുമെന്നും പൂര്‍ണ്ണമായി റാഞ്ചിയെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രതികരിച്ചു.
നഗരത്തിലുടനീളം കംഫര്‍ട്ട് സ്റ്റേഷനുകള്‍ തുറന്നിട്ടും ആളുകള്‍ കയറാന്‍ മടിക്കുകയാണെന്ന് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാണ്ടി. നേരത്തെ തുറസായ സ്ഥലത്തെ വിസര്‍ജ്ജനം തടയാന്‍ സംസ്ഥാന പലയിടത്തും പ്രത്യേക സ്ക്വാഡുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേന്റെ ശിക്ഷാ നടപടി അംഗീകരിക്കാവുന്നതല്ലെന്നും പിന്‍വലിക്കണമെന്നും പ്രധാന പ്രതിപക്ഷമായ ജെ.എം.എമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
