ദില്ലി: വിസ നിയമം ലംഘിച്ചെന്ന് ആരോപിച്ച് പുലിറ്റ്സർ പുരസ്ക്കാര ജേതാവും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ  ഫോട്ടോഗ്രാഫറുമായ കാതൾ മക്നോട്ടന് ഇന്ത്യയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഔദ്യോഗികാനുമതിയില്ലാതെ ജമ്മു കശ്മീരിലെ സംരക്ഷിത, നിരോധിത മേഖലകളിൽ പ്രവേശിച്ചതിനാലാണ് മക്നോട്ടനെ ഇന്ത്യയിൽ കടക്കുന്നത് തടഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

റോയിട്ടേഴ്സിന്‍റെ ദില്ലി ബ്യൂറോയിൽ ചീഫ് ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു മക്നോട്ടൻ. വിദേശ യാത്ര കഴിഞ്ഞ് ദില്ലിയിലേക്ക് മടങ്ങിയെത്തിയ മക്നോട്ടനെ വിമാനത്താവളത്തിൽവച്ച് തന്നെ മടക്കി അയക്കുകയായിരുന്നു. അതേസമയം, മക്നോട്ടനെതിരെ എടുത്ത നടപടി സ്ഥിരമല്ലെന്നും, ആറ് മാസത്തിനോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം നടപടി പുനപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. 

വിദേശികളും ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. ഇന്ത്യ സന്ദർശിക്കുന്ന ഏതെങ്കിലും വിദേശി രാജ്യത്തെ നിയമം ലംഘിക്കുകയാണെങ്കിൽ  ശിക്ഷ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

മക്നോട്ടൻ പുരസ്കാര ജേതാവായിരിക്കും, എന്നാൽ അതൊരിക്കലും ഇന്ത്യയിലെ നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ലൈസൻസ് അദ്ദേഹത്തിന് നൽകുന്നില്ല. ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി വിദേശ പത്രപ്രവർത്തകരെ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നുണ്ട്. ചിലയിടങ്ങളിൽ വിദേശികൾ അനുവാദം വാങ്ങേണ്ടത് അത്യാവശ്യമാണ്. ഇത്തരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയാണെങ്കിൽ, നടപടി കൈക്കൊള്ളാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.     
 
വിദേശ മാധ്യമപ്രവർത്തകരുടെ വിസ നിയമപ്രകാരം മാധ്യമ പ്രവർത്തകര്‍, ടിവി ക്യാമറാമാൻ, ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിദേശ മാധ്യമപ്രവർത്തകര്‍ തുടങ്ങിയവർ നിരോധിതമേഖലകള്‍, ജമ്മു കശ്മീർ അല്ലെങ്കിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം.

അരുണാചൽ പ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, സിക്കിം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങൾ  നിരോധിത മേഖലകളിൽ ഉൾപ്പെടുന്നു.

ഏപ്രിലിൽ ജമ്മു കശ്‍മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിനെ തുരർന്നുണ്ടായ സംഭവങ്ങൾ മക്നോട്ടൻ  റിപ്പോർട്ട് ചെയ്തിരുന്നു. മ്യാന്മാറിൽനിന്നു പലായനംചെയ്യുന്ന റോഹിംഗ്യകൾ നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിനാണ് അയർലൻഡുകാരനായ മക്നോട്ടന് 2018 മയിൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്.